വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീം ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയില്‍ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നു ശുഭ്‌മാന്‍ ഗില്‍

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് ഇന്ത്യ യുവതാരങ്ങളേറെയുള്ള ടീമിനെയാണ് അയച്ചതെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. പ്രധാനമായും ബാറ്റര്‍മാര്‍ക്കിടയിലാണ് പോരാട്ടം. പരിക്ക് മാറി കെ എല്‍ രാഹുലെത്തിയതോടെ ഓപ്പണിംഗില്‍ തുടങ്ങി സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളുള്ള മധ്യനിര വരെ നീളുന്നു സ്ഥാനത്തിനായുള്ള ഈ അങ്കം. അതിനാല്‍ കൃത്യമായ ബാറ്റിംഗ് ലൈനപ്പ് കണ്ടെത്തേണ്ടത് ടീമിന് തലവേദനയാണ്. ഇതോടെ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍താരം പോള്‍ വാല്‍ത്താട്ടി. 

'കരീബിയന്‍ പര്യടനം ശുഭ്‌മാന്‍ ഗില്ലിന് മികച്ചതായിരുന്നു. അതിനാല്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത എന്ന് തോന്നുന്നു. എങ്കിലും ആദ്യ ഏകദിനം നടക്കുമ്പോഴേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കെ എല്‍ രാഹുല്‍ തിരിച്ചുവരികയാണ്. ഇടംകൈയന്‍-വലംകൈയന്‍ സഖ്യം വേണമെന്നതില്‍ ശിഖര്‍ ധവാനൊപ്പം രാഹുലാണ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. തിരിച്ചുവരവ് എപ്പോഴും പ്രയാസമാണ്. അത് പരിക്കില്‍ നിന്നായാലും മോശം ഫോമില്‍ നിന്നായാലും. എന്നാല്‍ ഈ താരങ്ങള്‍ സീസണല്‍ കളിക്കാരാണ്. 10-12 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നു. അതിനാല്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവര്‍ക്കറിയാം. കെ എല്‍ രാഹുല്‍ മികച്ച താരമാണ്. സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പാണ്' എന്നും പോള്‍ വാല്‍ത്താട്ടി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

സിംബാബ്‌വെക്കെതിരെ കൃത്യമായ ബാറ്റിംഗ് ലൈനപ്പ് കണ്ടെത്തുക ടീം മാനേജ്‍മെന്‍റിന് അത്ര എളുപ്പമല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീം ഇന്ത്യയുടെ അവസാന ഏകദിന പരമ്പരയില്‍ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നു ശുഭ്‌മാന്‍ ഗില്‍. വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഓപ്പണിംഗില്‍ തുടരും എന്നതിനാല്‍ രാഹുലാകുമോ കൂട്ടിനെത്തുക എന്ന ആകാംക്ഷ തുടരുകയാണ്. റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ ബാറ്റര്‍മാരും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ പൊരുതുകയാണ്. കുറച്ചുനാളുകളായി ബഞ്ചിലിരിക്കുന്ന രാഹുല്‍ ത്രിപാഠി സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തുകയാണ് രാഹുലിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 

ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

ആദ്യ ഏകദിനം; സിംബാബ്‌വെ വെള്ളംകുടിക്കും; ഇന്ത്യയിറങ്ങുക ഹിമാലയന്‍ റെക്കോര്‍ഡുമായി