ആവേശപ്പോരാട്ടത്തില്‍ സിംബാബ്‌വെയുടെ 249 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കി

ഹരാരെ: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ മാച്ചുകളിലും ഫിനിഷിംഗുകളിലും ഒന്നിനാണ് സിംബാബ്‌വെ-നെതര്‍ലന്‍ഡ്‌സ് ആദ്യ മത്സരത്തില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത്. സിംബാബ്‌വെ മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 31.1 ഓവറില്‍ 110 റണ്ണിന് ആറ് വിക്കറ്റ് നഷ്‌ടമായിട്ടും വാലറ്റത്തിന്‍റെ കരുത്തില്‍ ഒരു പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റിന് വിജയിക്കുകയായിരുന്നു നെതര്‍ലന്‍ഡ്‌സ്. ഏഴാമനായിറങ്ങി കന്നി ഏകദിന സെഞ്ചുറി നേടിയ തേജാ നിഡമനൂരുവാണ് നെതര്‍ലന്‍ഡ്‌സിന്‍റെ വിജയശില്‍പി.

ഇതോടെ തേജാ നിഡമനൂരുവിനെ തേടിയൊരു റെക്കോര്‍ഡ് എത്തി. ഏഴോ അതില്‍ താഴെയോ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങി ഏകദിനത്തിലെ വിജയറണ്‍ ചേസില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് നിഡമനൂരുവിന് സ്വന്തമായത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന്‍റെ മൈക്കല്‍ ബ്രേസ്‌വെല്‍(82 പന്തില്‍ 127*), കാനഡക്കെതിരെ കെനിയയുടെ തോമസ് ഒഡോയോ(113 പന്തില്‍ 111*) എന്നിവര്‍ നേടിയ സ്കോറുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്നാമത് നില്‍ക്കുന്ന തേജാ നിഡമനൂരു സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ 96 പന്തില്‍ പുറത്താവാതെ 110* റണ്‍സ് നേടുകയായിരുന്നു. 

ആവേശപ്പോരാട്ടത്തില്‍ സിംബാബ്‌വെയുടെ 249 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കി. ഏഴാമനായിറങ്ങി സെഞ്ചുറി നേടിയ തേജ നിഡമനൂരുവിന് പുറമെ എട്ടാമന്‍ ഷെരീസ് അഹമ്മദ്(37 പന്തില്‍ 30), ഒന്‍പതാമന്‍ പോള്‍ വാന്‍ മീകെരെന്‍(9 പന്തില്‍ 21*) എന്നിവരുടെ വാലറ്റ മികവിലാണ് നെതര്‍ലന്‍ഡ്‌സ് മൂന്ന് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. ഏഴാം വിക്കറ്റില്‍ നിഡമനൂരു-ഷെരീസ് സഖ്യം 110 റണ്‍സ് ചേര്‍ത്തു. ഏകദിനത്തിലെ വിജയ റണ്‍ ചേസില്‍ അഞ്ചാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് നിഡമനൂരുവും ഷരീസും ചേര്‍ന്ന് സ്ഥാപിച്ചത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി നിഡമനൂരു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഏഴാമന്‍ നിഡമനൂരുവിന് സെഞ്ചുറി; സിംബാബ്‌വെയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് വാലറ്റം