യുഎസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഗംഭീര തുടക്കമാണ് മത്സരത്തില്‍ സിംബാബ്‌വെ നേടിയത്
ഹരാരെ: ടീമിന്‍റെ ഏകദിന ചരിത്രത്തിലാദ്യമായി 400ന് മുകളില്‍ സ്കോര്‍ ചെയ്‌ത് സിംബാബ്‌വെ ക്രിക്കറ്റ് ടീം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ് തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 408 എന്ന ഹിമാലയന്‍ സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു സിംബാബ്‌വെ. വില്യംസ് 101 പന്തില്‍ 21 ഫോറും 5 സിക്‌സറും സഹിതം 174 റണ്‍സെടുത്തു. ഏകദിനത്തില്‍ സിംബാബ്‌വെയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. മുമ്പ് 2009ല്‍ കെനിയക്കെതിരെ 351-7 എന്ന സ്കോര്‍ നേടിയതായിരുന്നു ഇതിന് മുമ്പ് അവരുടെ ഉയര്‍ന്ന സ്കോര്‍.
യുഎസ്എ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഗംഭീര തുടക്കമാണ് മത്സരത്തില്‍ സിംബാബ്‌വെ നേടിയത്. ഓപ്പണര്‍മാരായ ഇന്നസെന്‍റ് കൈയയും ജോയ്‌ലോഡ് ഗംബീയും ഓപ്പണിംഗ് വിക്കറ്റില്‍ 13.1 ഓവറില്‍ 56 റണ്‍സ് ചേര്‍ത്തു. 41 പന്തില്‍ 32 റണ്‍സെടുത്ത ഇന്നസെന്‍റാണ് ആദ്യം പുറത്തായത്. ഇതിന് ശേഷം ക്രീസിലെത്തിയ നായകന്‍ ഷോണ്‍ വില്യംസ് ഗംബീക്കൊപ്പം രണ്ടാം വിക്കറ്റില്‍ 160 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതാണ് പിന്നീട് കണ്ടത്. 103 പന്തില്‍ 78 റണ്‍സുമായി ഗംബീ മടങ്ങിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ ഹീറോയായ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയ്ക്കൊപ്പം വില്യംസ് ടീമിനെ മുന്നോട്ടുനയിച്ചു. അതിവേഗം സ്കോര്‍ ചെയ്ത റാസ 27 ബോളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 48 റണ്‍സെടുത്തു.
റാസ പുറത്തായ ശേഷം ക്രീസിലെത്തിയ റയാന്‍ ബേളും തകര്‍ത്തടിച്ചു. താരം 16 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 47 റണ്‍സ് നേടി. ലൂക്ക് ജോങ് മൂന്ന് പന്തില്‍ 1 റണ്‍സുമായി മടങ്ങിയപ്പോള്‍ തദിവാന്‍ഷെ മരുമണിയും(6 പന്തില്‍ 18*), ബ്രാഡ് ഇവാന്‍സും(3 പന്തില്‍ 3*) പുറത്താവാതെ നിന്നു. ഇതിനിടെ ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഷോണ്‍ വില്യംസ് 101 പന്തില്‍ 21 ഫോറും 5 സിക്‌സും സഹിതം 174 റണ്‍സുമായി 49-ാം ഓവറിലെ നാലാം പന്തില്‍ മടങ്ങി. യുഎസ്‌എയ്ക്കായി അഭിഷേക് പരാഥ്‌കര്‍ മൂന്നും ജെസ്സി സിംഗ് രണ്ടും നൊതൂഷ് കെഞ്ചീഗ് ഒന്നും വിക്കറ്റ് സ്വന്തമാക്കി.
Read more: സര്‍ഫറാസ് ഖാനെ ടീമിലെടുക്കാത്തതില്‍ പാകിസ്ഥാനില്‍ നിന്നുവരെ എതിര്‍പ്പ്; രോഹിത്തിന് ഉപദേശം

