സിംബാബ്‌വെയ്ക്കായി 34 ടെസ്റ്റും 204 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്. 2004ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.

ഹരാരെ: സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ അയര്‍ലന്‍ഡിനെതിരെ ബെല്‍ഫാസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഏകദിനം താരത്തിന്റെ അവസാന മത്സരമായിരിക്കും. ഓപ്പണറായി ഇറങ്ങിയ 35കാരന്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

സിംബാബ്‌വെയ്ക്കായി 34 ടെസ്റ്റും 204 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്. 2004ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഏകദിനത്തില്‍ സിംബാബ്‌വെയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് ടെയ്‌ലര്‍. 6677 റണ്‍സ് താരം സ്വന്തമാക്കി. ആന്‍ഡി ഫ്‌ളവറാണ് ഒന്നാമന്‍. 

11 സെഞ്ചുറികള്‍ സ്വന്തം പേരിലാക്കി. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരവും ടെയ്‌ലര്‍ തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാമനാണ് ടെയ്‌ലര്‍. 2320 റണ്‍സാണ് അക്കൗണ്ടിലുള്ളത്. ടി20യില്‍ 859 റണ്‍സും താരം നേടി.

സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വര്‍ഷങ്ങള്‍ എല്ലാകാലത്തും ഓര്‍ക്കുമെന്ന് ടെയ്‌ലര്‍ ട്വിറ്ററിലെ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി. ഇത്രയും കാലും ടീമിന് വേണ്ടി സേവനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ടെയ്‌ലര്‍ കുറിപ്പില്‍ പറഞ്ഞു.