ധാക്ക: സിംബാബ്‌വെയ്‌ക്കെതിരായ ഏക ടെസ്റ്റില്‍ ബംഗ്ലാദേശ് വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ സിംബാബ്‌വെയുടെ 265നെതിരെ ബംഗ്ലാദേശ് ആറിന് 560 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മുഷ്ഫിഖര്‍ റഹീം (203), മൊമിനുല്‍ ഹഖ് (132) എന്നിവരുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 295 റണ്‍സിന്‍രെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സിംബാബ്‌വെ മൂന്നംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് ഒമ്പത് എന്ന നിലയിലാണ്. രണ്ട് ദിനം ശേഷിക്കെ ബംഗ്ലാദേശിനെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 286 റണ്‍സ് കൂടി വേണം. 

പ്രിന്‍സ് മസൗറെ (0), ഡൊണാള്‍ഡ് ടിരിപാനോ (0) എന്നിവരുടെ വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്. കെവിന്‍ കസുസ (8), ബ്രന്‍ഡന്‍ ടെയ്‌ലര്‍ (1) എന്നിവരാണ് ക്രീസില്‍.  നയീം ഹസന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് നേടി. നേരത്തെ 28 ബൗണ്ടറികളുടെ സഹായത്തോടെയാണ് മുഷ്ഫിഖര്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൊമിനുല്‍  14 ഫോര്‍ നേടി. ലിറ്റണ്‍ ദാസ് (53), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (71), തമീം ഇഖ്ബാല്‍ (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഒരു ടെസ്റ്റ് മത്രമാണ് പരമ്പരയിലുള്ളത് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാം ദിനം തന്നെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇരുവരും കളിക്കും.