ഇന്ന് രണ്ട് ഫോറുകള്‍ കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലുമായി 600 ബൗണ്ടറികള്‍ തികയ്‌ക്കാം കെ എല്‍ രാഹുലിന്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ആധികാരിക ജയം ടീം നേടിയിരുന്നു. മൂന്നാം ഏകദിനം ഇന്ന് നടക്കുമ്പോള്‍ ചില വ്യക്തിഗത നേട്ടങ്ങളും ഇന്ത്യന്‍ താരങ്ങളെ കാത്തിരിപ്പുണ്ട്. നായകന്‍ കെ എല്‍ രാഹുല്‍, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് കരിയറിലെ നാഴികക്കല്ലുകള്‍ക്ക് അരികെ നില്‍ക്കുന്നത്. 

ഇന്ന് രണ്ട് ഫോറുകള്‍ കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലുമായി 600 ബൗണ്ടറികള്‍ തികയ്‌ക്കാം കെ എല്‍ രാഹുലിന്. 598 ഫോറുകളുമായി മുന്നേറുകയാണ് രാഹുല്‍. 52 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 1000 റണ്‍സ് ശുഭ്‌മാന്‍ ഗില്‍ പൂര്‍ത്തിയാക്കും. പരമ്പരയില്‍ ഫോമിലുള്ള ഗില്ലിന് ഈ നേട്ടത്തിലെത്തുക പ്രയാസമായേക്കില്ല. 948 റണ്‍സാണ് നിലവില്‍ ഗില്ലിന്‍റെ സമ്പാദ്യം. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് എല്ലാ ഫോര്‍മാറ്റിലുമായി 100 വിക്കറ്റ് തികയ്‌ക്കാം എന്നതും സവിശേഷതയാണ്. 95 വിക്കറ്റുകളാണ് ഠാക്കൂറിന് നിലവിലുള്ളത്. അതേസമയം സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസക്ക് 10 ഫോര്‍ കൂടിയുണ്ടേല്‍ 500 ബൗണ്ടറികള്‍ തികയ്‌ക്കാം. ഏകദിനത്തില്‍ 50 ക്യാച്ചുകള്‍ തികയ്‌ക്കാന്‍ രണ്ടെണ്ണം കൂടി മതി റാസക്ക് എന്നതും സവിശേഷതയാണ്. 

ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഇന്ന് ഉച്ചയ്‌ക്ക് 12.45നാണ് സിംബാബ്‌വെ-ഇന്ത്യ മൂന്നാം ഏകദിനം. 12.15ന് ടോസ് വീഴും. ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ ഇതിനകം പരമ്പര നേടിക്കഴിഞ്ഞു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ടീം മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. എങ്കിലും രണ്ടാം ഏകദിനത്തിലെ ഹീറോ സഞ്ജു സാംസണ്‍ ഇന്നും തുടരും എന്നാണ് സൂചനകള്‍. കഴിഞ്ഞ മത്സരത്തില്‍ ആറാമനായിറങ്ങി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 43* റണ്‍സ് സഞ്ജു എടുത്ത സഞ്ജുവായിരുന്നു മാന്‍ ഓഫ് ദ് മാച്ച്. രാജ്യാന്തര കരിയറില്‍ ആദ്യമായാണ് സഞ്ജു കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് എന്ന സവിശേഷതയുമുണ്ടായിരുന്നു. 

സഞ്ജുവിന്‍റെ വെടിക്കെട്ട് കാണാന്‍ കണ്ണുംനട്ട് ആരാധകര്‍; മഴ കൊണ്ടുപോകുമോ മൂന്നാം ഏകദിനം