Asianet News MalayalamAsianet News Malayalam

ഷാക്കിബിനും മുഷ്‌ഫീഖുറിനും അര്‍ദ്ധ സെഞ്ചുറി; അഫ്‌ഗാന് 263 റണ്‍സ് വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. 

Afghanistan needs 263 runs to win vs Bangladesh
Author
Southampton, First Published Jun 24, 2019, 6:56 PM IST

സതാംപ്‌ടണ്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്‌ഗാന് 263 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. ഷാക്കിബ് 51 റണ്‍സെടുത്തും മുഷ്‌ഫീഖുര്‍ 83 റണ്‍സുമായും പുറത്തായി. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്നും നൈബ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

Afghanistan needs 263 runs to win vs Bangladesh

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കം അത്ര നന്നായില്ല. അഫ്‌ഗാനായി അഞ്ചാം ഓവറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. 17 പന്തില്‍ 16 റണ്‍സെടുത്ത ലിറ്റണെ ഷാഹിദിയുടെ കൈകളിലെത്തിച്ചു. ഷാക്കിബിനൊപ്പം തമീം ഇക്‌ബാല്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും 17-ാം ഓവറില്‍ മുഹമ്മദ് നബി ബ്രേക്ക് ത്രൂ നല്‍കി. 53 പന്തില്‍ 36 റണ്‍സെടുത്ത തമീം ബൗള്‍ഡാവുകയായിരുന്നു. 

അര്‍ദ്ധ സെഞ്ചുറി തികച്ച ഷാക്കിബ് അല്‍ ഹസനാവട്ടെ പിന്നീട് അധികം പിടിച്ചുനില്‍ക്കാനായില്ല. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ഷാക്കിബിനെ, മുജീബ് ഉര്‍ റഹ്‌മാന്‍ എല്‍ബിയില്‍ കുടുക്കി. ഷാക്കിബ് 69 പന്തില്‍ 51 റണ്‍സെടുത്തു. വൈകാതെ സൗമ്യ സര്‍ക്കാറിനെയും(3) മുജീബ് എല്‍ബിയില്‍ മടക്കി. എന്നാല്‍ ക്രീസിലൊന്നിച്ച മുഷ്‌ഫീഖുറും മഹമുദുള്ളയും ബംഗ്ലാദേശിനെ 41-ാം ഓവറില്‍ 200 കടത്തി.

Afghanistan needs 263 runs to win vs Bangladesh

മുഷ്‌ഫീഖുര്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടെങ്കിലും 27 റണ്‍സെടുത്ത മഹമുദുള്ളയെ 43-ാം ഓവറില്‍ നൈബ് പുറത്താക്കി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മുഷ്‌ഫീഖുറിനെ 49-ാം ഓവറിനെ മൂന്നാം പന്തില്‍ ദൗലത്ത് പുറത്താക്കിയത് നിര്‍ണായകമായി. 87 പന്തിലാണ് മുഷ്‌ഫീഖുര്‍ 83 റണ്‍സെടുത്തത്. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ മൊസദേക്ക് ഹുസൈനെ(35) നൈബ് ബൗള്‍ഡാക്കി. സൈഫുദ്ധീന്‍(2) പുറത്താകാതെ നിന്നു.
 

Follow Us:
Download App:
  • android
  • ios