ബര്‍മിംഗ്ഹാം: ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസം കുതിച്ചപ്പോള്‍ അപ്രതീക്ഷിതമായി തിരിച്ചടിച്ച് ഓസ്ട്രേലിയ. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും പാറ പോലെ ഉറച്ച് നിന്നപ്പോള്‍ 124 റണ്‍സിന്‍റെ സഖ്യം ആദ്യ വിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കി.

ഒരറ്റത്ത് നിലയുറപ്പിച്ച ജേസണ്‍ റോയി അടിച്ച് തകര്‍ത്തതോടെ മറുവശത്ത് വിക്കറ്റ് സൂക്ഷിക്കുകയായിരുന്നു ബെയര്‍സ്റ്റോ. എന്നാല്‍, ആക്രമണത്തിന് വീണ്ടും നിയോഗിക്കപ്പെട്ട മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയതോടെ ബെയര്‍സ്റ്റോ വീണു. 43 പന്തില്‍ 34 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. തൊട്ട് പിന്നാലെ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ക്യാരിക്ക് ക്യാച്ച് നല്‍കി റോയിയും (85) മടങ്ങി.

കളി പുരോഗമിക്കുമ്പോള്‍ 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടിനൊപ്പം നായകന്‍ ഓയിന്‍ മോര്‍ഗനാണ് ക്രീസില്‍. നേരത്തെ, ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ ഓരോ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനും വീണപ്പോള്‍ ഒരറ്റത്ത് നിന്ന് നങ്കുരമിട്ട് സ്റ്റീവന്‍ സ്മിത്ത് ഒറ്റയ്ക്ക് നിന്നാണ് പോരാട്ടം നയിച്ചത്.

അര്‍ധ സെഞ്ചുറി നേടിയ സ്മിത്തിന്‍റെ ചെറുത്ത് നില്‍പ്പിന്‍റെ ബലത്തില്‍ 49 ഓവറില്‍ ഓസ്ട്രേലിയ 223 റണ്‍സാണ് കുറിച്ചത്. ടോസ് നേടി വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്‍റെ കണക്കൂകുട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  

ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.