ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രൊഫഷണലായ സംഘമെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ വിശേഷിപ്പിക്കുന്നത്. മികച്ച താരങ്ങളുള്ള നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന ടീം. ഒരിക്കല്‍ മദ്യപിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോകകപ്പിനിടെ  ഓസീസ് ടീമിൽ കലാപമുയർന്നിട്ടുണ്ട്.

20 വർഷം മുമ്പാണ് സംഭവം. 1999 ലെ ഓസീസ് ലോകകപ്പ് ടീം. സ്റ്റീവ് വോയും ഗിൽക്രിസ്റ്റും മഗ്രാത്തുമെല്ലാം അടങ്ങുന്ന കരുത്തരുടെ സംഘമായിരുന്നു അത്. പക്ഷേ ലോകകപ്പിന് മുമ്പുള്ള പ്രകടനങ്ങളെല്ലാം മോശമായി വന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും പങ്കുവെക്കേണ്ടി വന്നതോടെ കപ്പ് നേടാമെന്ന മോഹത്തിനും കരിനിഴൽ വീണെന്ന് ഓസ്ട്രേലിയൻ റേഡിയോ വാർത്ത നൽകി. 

ഇതോടെ ക്യാപ്റ്റൻ സ്റ്റീവ് വോയും കോച്ച് ജെഫ് മാർഷും ചേർന്ന് ഒരു തീരുമാനം എടുത്തു. കളിക്കാർ ടൂർണമെന്‍റ് കഴിയും വരെ മദ്യം തൊടരുത്. മത്സരവും പരിശീലനവും രാത്രി മദ്യസ‍ൽക്കാരവുമായി കഴിഞ്ഞിരുന്ന ഓസ്ട്രേലിയൻ താരങ്ങൾ ആദ്യം ഞെട്ടി.

എന്നാലും കോച്ചിന്‍റേയും ക്യാപ്റ്റന്‍റേയും വാക്ക് അനുസരിച്ചു. പക്ഷേ ടൂർണമെന്‍റ് ആരംഭിച്ചതോടെ പ്രശ്നവും ആരംഭിച്ചു. ന്യൂസിലന്‍ഡിനെതിരെയും പാക്കിസ്ഥാനെതിരെയും തോൽവി. പിന്നാലെ ഗിൽക്രിസ്റ്റിന്‍റേയും ടോം മൂഡിയുടേയും നേതൃത്വത്തിൽ കലാപം തുടങ്ങി. മത്സരശേഷം ഉല്ലാസം കിട്ടുന്നില്ലെന്നായിരുന്നു പരാതി.

സെലക്ടർ അലൻ ബോർഡർ പ്രശ്നത്തിലിടപെട്ടു. വിലക്ക് നീക്കി.അടുത്ത കളിയിൽ ബംഗ്ലാദേശിനെതിരെ പടുകൂറ്റൻ ജയം. ജയിച്ച് ജയിച്ച് അവസാനം സ്റ്റീവ് വോ കപ്പുയർത്തി. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനിടെയും മദ്യത്തിന് വേണ്ടി കലാപമുയർത്തിയ കഥ വർഷങ്ങൾക്കിപ്പുറം റിക്കി പോണ്ടിംഗാണ് വെളിപ്പെടുത്തിയത്.