ഓവല്‍: ലോകകപ്പില്‍ മികച്ച ഫോം തുടരുന്ന ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഓവലില്‍ കുറിച്ചത് ചരിത്ര പ്രകടനം. ഓവലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഫിഞ്ച് 97 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. പുറത്താകുമ്പോള്‍ 132 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സും സഹിതം 153 റണ്‍സെടുത്തിരുന്നു താരം.

ഇതോടെ ഇംഗ്ലണ്ടില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഫിഞ്ച് അടിച്ചെടുത്തത്. 2013ല്‍ സതാംപ്ടണില്‍ 143 റണ്‍സെടുത്ത ഷെയ്ന്‍ വാട്സന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 131 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ്, 126 റണ്‍സുമായി റിക്കി പോണ്ടിംഗ് എന്നിവരാണ് പട്ടികയില്‍ പിന്നാലെയുള്ളത്.

നേരത്തെ, ഫിഞ്ചിന്‍റെ സെഞ്ചുറിയോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ടീമെന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയയെത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ 27 സെഞ്ചുറി നേടിയപ്പോള്‍ ഫിഞ്ചിന്‍റെ സെഞ്ചുറിയോടെ ഓസീസിന്‍റെ നേട്ടം 28 ആയി.