2015 ലോകകപ്പില്‍ ഇരുപത്തിയെട്ടാം തീയ്യതി നടന്ന മത്സരത്തിന്റെ ഫലം എളുപ്പത്തില്‍ പ്രവചിക്കാവുന്നതായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലായിരുന്നു മത്സരം. അപ്പോ എന്തായാലും ജയം ഇന്ത്യയ്ക്ക് തന്നെയാകുമെന്നുറപ്പ്. പക്ഷേ അന്ന് കളി കാണാനിരുന്നു.
2015 ലോകകപ്പില്‍ ഇരുപത്തിയെട്ടാം തീയ്യതി നടന്ന മത്സരത്തിന്റെ ഫലം എളുപ്പത്തില്‍ പ്രവചിക്കാവുന്നതായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലായിരുന്നു മത്സരം. അപ്പോ എന്തായാലും ജയം ഇന്ത്യയ്ക്ക് തന്നെയാകുമെന്നുറപ്പ്. പക്ഷേ അന്ന് കളി കാണാനിരുന്നു. കൂറ്റനടികള്‍ കാണുക എന്നതായിരുന്നു ആദ്യത്തെ ഉദ്ദേശ്യം, എന്നാല്‍ രണ്ടാമത്തെ ലക്ഷ്യം കളിക്കാരനെ കാണാനായിരുന്നില്ല അംപയറെ കാണാനായിരുന്നു. കളിക്കാരെയും, കളി കാണാനെത്തുന്ന താരങ്ങളെയുമൊന്നുമല്ലാതെ അംപെയറൊക്കെ ആരറിയാന്‍? പക്ഷേ ക്രിക്കറ്റ് കാണുന്നവര്‍ക്ക് ബില്ലി ബൗഡനെ അറിയാതിരിക്കാനേ തരമില്ല. ഔട്ട്, സിക്‌സര്‍, ഫോര്‍, വൈഡ്, നോ ബോള്‍, എല്‍ബിഡബ്ല്യൂ സംഗതി എന്തോ ആകട്ടേ, അത് സംഭവിച്ച ശേഷമുള്ള ബില്ലിയുടെ ആക്ഷന്‍... അതൊന്ന് കാണേണ്ടത് തന്നെ..!

ഇന്ത്യ-യുഎഇ മത്സരത്തില്‍ പക്ഷേ ബില്ലിയുടെ ആക്ഷനുകള്‍ അധികനേരം കാണാനായില്ല. കാരണം, ആദ്യം ബാറ്റ് ചെയ്ത യുഎഇ എല്ലാവരും 31.3 ഓവറില്‍ പുറത്തായി. 18.5 ഓവറില്‍ ഇന്ത്യ മത്സരം പൂര്‍ത്തിയാക്കി. ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കണക്ക് കൂട്ടിയത് തന്നെയായിരുന്നു കളിയുടെ ഫലം. എന്നാല്‍ ബില്ലിയുടെ ആക്ഷനുകള്‍ക്ക് അധിക സമയം കാണാന്‍ കഴിഞ്ഞില്ലല്ലൊ എന്ന വിഷമം കളി കഴിഞ്ഞപ്പോഴും ബാക്കിയായി. ഈ ലോകകപ്പില്‍ അംപയര്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ ബില്ലി ബൗഡനുണ്ടോയെന്ന് ആദ്യമൊന്ന് നോക്കി. ക്രിക്കറ്റിലെ മിസ്റ്റര്‍ ബീന്‍ ഇക്കുറി ഇല്ല.

ന്യൂസിലാന്‍ഡ് സ്വദേശിയായ ബില്ലി ബൗഡന് അംപെയറാകാനായിരുന്നില്ല ആഗ്രഹം ക്രിക്കറ്റ് കളിക്കാരനാകാനായിരുന്നു. എന്നാല്‍ ആര്‍ത്രൈറ്റിസ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് മോഹങ്ങളെ തളര്‍ത്തി. ഗ്യാലറിയില്‍ അല്ല കളിക്കാര്‍ക്കിടയില്‍ തന്നെ ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അത് 1995 ല്‍ പൂവണിഞ്ഞു. അക്കൊല്ലമായിരുന്നു ആദ്യമായി അദ്ദേഹം അംപെയറിംഗ് ജീവിതം തുടങ്ങുന്നത്. 84 ടെസ്റ്റ് മത്സരങ്ങള്‍ക്കും, 200 ഏകദിനങ്ങള്‍ക്കും, 24 ട്വന്റി20 മത്സരങ്ങള്‍ക്കും അംപയറായി ബില്ലിയുണ്ടായിരുന്നു. കാര്യം മാത്രമായാല്‍ എന്ത് കളി. ഇടയ്‌ക്കൊരു ചിരിയൊക്കെയാകുമ്പോഴാണല്ലോ കളി കാര്യമാകുന്നത്. കളിയ്ക്കിടയില്‍ ചിരി പടര്‍ത്തിയ അംപെയറായിരുന്നു ബില്ലി ബൗഡന്‍.
