ലണ്ടന്‍: വെള്ളത്തില്‍ നടത്താന്‍ ഇതെന്താ നീന്തല്‍ മത്സരമാണോ അതോ വള്ളം കളിയോ? ഇംഗ്ലണ്ടില്‍ മഴ തിമിര്‍ക്കുന്നതോടെ ക്രിക്കറ്റ് ആരാധകര്‍ നിരാശയിലും ദേഷ്യത്തിലുമാണ്.  ഐസിസിക്കെതിരെ വ്യാപക പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മഴ മൂലം ഇതുവരെ മൂന്ന് മത്സരങ്ങളാണ് ലോകകപ്പില്‍ ഉപേക്ഷിക്കേണ്ടി വന്നത്.

പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടീമുകള്‍ പോയിന്‍റുകള്‍ പരസ്പരം പങ്കുവെച്ചു. മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിട്ടുകഴിഞ്ഞു. എന്തായാലും മഴക്കാലത്ത് ലോകകപ്പ് എന്തിന് വച്ചു എന്ന ചോദ്യമാണ് കൂടുതല്‍ ആളുകളും ചോദിക്കുന്നത്.

ഇംഗ്ലണ്ടില്‍ ഇത് മഴക്കാലമോ?

ഇംഗ്ലണ്ടില്‍ ജൂണ്‍-ജൂലെെ മാസം വേനല്‍ക്കാലം ആണെന്നുള്ളതാണ് സത്യം. ഇംഗ്ലണ്ടിലെ കാലാവസ്ഥ പൊതുവേ 'നനഞ്ഞ'താണ്. എന്നാല്‍, മഴ കുറഞ്ഞ് നില്‍ക്കുന്ന മാസങ്ങളാണ് ജൂണും ജൂലെെയും. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇംഗ്ലണ്ടില്‍ ഉഷ്ണതരംഗമായിരുന്നു. അതുകൊണ്ട് ഐസിസിയെ കുറ്റം പറയും മുമ്പ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ മഴക്കാലമല്ല എന്ന യാഥാര്‍ഥ്യം മനസിലാക്കാം.

മഴ കടുത്തതോടെ എല്ലാ കണക്കൂട്ടലുകളും പിഴച്ച അവസ്ഥയിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. അതിന്‍റെ കൂടെ ആരാധകരും തെറ്റിയതോടെ എന്താണ് ചെയ്യേണ്ടതെന്നും ഐസിസിക്ക് വ്യക്തതയില്ല.

കാലം തെറ്റി പെയ്യുന്ന മഴ

കാലം തെറ്റി വന്ന മഴയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം രണ്ട് മില്ലിമീറ്റര്‍ മാത്രം മഴ പെയ്ത സ്ഥലങ്ങളില്‍ പോലും ഇത്തവണ 100 മില്ലിമീറ്ററില്‍ അധികം മഴ ലഭിച്ചു കഴിഞ്ഞു. എന്തായാലും ഇംഗ്ലണ്ടിലെ വേനല്‍ക്കാലത്ത് കൊണ്ട് പോയി ലോകകപ്പ് വച്ചിട്ടും പണി കിട്ടിയ അവസ്ഥയിലാണ് ഐസിസി. ക്രിക്കറ്റ് ആരാധകര്‍ നാലു വര്‍ഷം കാത്തിരുന്നു കിട്ടിയ പോരാട്ടങ്ങള്‍ ഒലിച്ച് പോകുന്നതിന്‍റെ നിരാശയിലും.