ലണ്ടന്‍: അട്ടിമറി വിജയങ്ങളും പ്രതീക്ഷിക്കാത്ത പുറത്താകലുകളുമായി ലോകകപ്പ് ക്രിക്കറ്റ് പുരോഗമിക്കുകയാണ്. 2019 ലെ ലോകകപ്പിന് പിന്നാലെ  വിരമിക്കുമെന്ന പ്രഖ്യാപനവുമായി നിരവധി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഷ്‌റഫെ മൊര്‍ത്താസയാണ് അവരില്‍ ഒരാള്‍.

അടുത്തകാലത്ത് ഏകദിന ക്രിക്കറ്റിലായാലും ലോകകപ്പിലായാലും ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായ ടീമാണ് ബംഗ്ലാദേശ്. അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണ്. ദീര്‍ഘകാലമായി ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് മൊര്‍ത്താസ. നേരത്തെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്നും ലോകകപ്പിന് പിന്നാലെ വിരമിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്‍റെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

'പെട്ടന്നൊരു വിരമിക്കലിന് എനിക്ക് താല്‍പ്പര്യമില്ല. കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം അനുസരിച്ചാവും അത്. എന്നാല്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ എന്നോട് തീരുമാനമെന്നും പറഞ്ഞിട്ടില്ല. എന്‍റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിരമിക്കലിനെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. അതിനാല്‍ ഞാന്‍ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. താരം വ്യക്തമാക്കുന്നു.