ലണ്ടന്‍: ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവര്‍ ഫൈനലില്‍ ക്രിക്കറ്റ് നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. 100 ഓവറിനും സൂപ്പർ ഓവറിനും ഒടുവില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആദ്യ കിരീടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായി ലോര്‍ഡ്‌സിലെ അവസാന മണിക്കൂര്‍. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ കലാശപ്പോരിന്‍റെ മൂര്‍ച്ചകൂടി. ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആദ്യ കപ്പുയര്‍ത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തിന് അത് ആഹ്‌ളാദ നിമിഷമായി.

നിര്‍ഭാഗ്യം കൊണ്ട് കപ്പ് വഴുതിപ്പോയ കിവികളെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ആരാധകര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലീഷ് താരങ്ങളെ കിവികള്‍ എറിഞ്ഞ് വീഴ്ത്തിയെങ്കിലും  ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമാണ് ആതിഥേയരെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. അതില്‍ സ്റ്റോക്സാണ് വിജയം ന്യൂസിലന്‍ഡില്‍ നിന്ന് പിടിച്ചെടുത്തത്. ഇംഗ്ലീഷ് വിജയത്തിന് ചുക്കാന്‍ പിടിച്ച സ്റ്റോക്സ് ജനിച്ചത് ന്യൂസിലന്‍ഡിലാണെന്നുള്ളതാണ് ഇതില്‍ കൗതുകകരമായ കാര്യം. ബെന്‍ സ്റ്റോക്സിന്‍റെ അച്ഛന്‍ ജെറാദ് സ്റ്റോക്സ് കിവി റഗ്ബി ലീഗിലെ മുന്‍ താരമാണ്.

ഇംഗ്ലണ്ടിലെ കുംബ്രിയയിലേക്ക് റഗ്ബി പരിശീലിപ്പിക്കുന്നതിനായി ജെറാദ് എത്തിയതോടെയാണ് ബെന്‍ സ്റ്റോക്സും ഇംഗ്ലണ്ടിലേക്ക് പറിച്ച് നടപ്പെടുന്നത്. മകന്‍ ഇംഗ്ലണ്ടിന് കപ്പ് നേടി കൊടുക്കുന്നത് കാണാന്‍ ജെറാദും ഇന്നലെ ലോര്‍ഡ്സില്‍ ഉണ്ടായിരുന്നു. നേട്ടത്തില്‍ സന്തോഷം ഉണ്ടാകുമ്പോഴും കിവികളുടെ നഷ്ടത്തില്‍ സങ്കടമുണ്ടെന്നാണ് ജെറാദ് പ്രതികരിച്ചത്.