ബാബറിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ഉപമിച്ച് ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. മുന്‍ താരങ്ങള്‍ അടക്കം ഇരുവരും തമ്മില്‍ ഒരുപാട് സാമ്യം ഉള്ളതായാണ് പ്രതികരിച്ചത്. ഇപ്പോള്‍ ഐസിസി ഈ താരതമ്യം ഒരു മത്സരമാക്കി മാറ്റിയിരിക്കുകയാണ്

ലണ്ടന്‍: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പേരാണ് വിരാട് കോലി. ബാറ്റിംഗിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും പേരിലെഴുതിയാണ് കോലി മുന്നോട്ട് കുതിക്കുന്നത്. പാക്കിസ്ഥാന്‍റെ ബാബര്‍ അസമും മികച്ച പ്രകടനങ്ങളിലൂടെ തന്‍റെ പേര് ലോക ക്രിക്കറ്റില്‍ അടയാളപ്പെടുത്തി കഴിഞ്ഞു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റൺസ് തികയ്ക്കുന്ന ഏഷ്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടം കഴിഞ്ഞ ദിവസം ന്യുസിലന്‍ഡിനെതിരെയുള്ള നിര്‍ണായക സെഞ്ചുറി നേട്ടത്തിലൂടെ ബാബര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം ബാബറിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ഉപമിച്ച് ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. മുന്‍ താരങ്ങള്‍ അടക്കം ഇരുവരും തമ്മില്‍ ഒരുപാട് സാമ്യം ഉള്ളതായാണ് പ്രതികരിച്ചത്.

View post on Instagram

ഇപ്പോള്‍ ഐസിസി ഈ താരതമ്യം ഒരു മത്സരമാക്കി മാറ്റിയിരിക്കുകയാണ്. വിരാട് കോലിയുടെ ആണോ ബാബര്‍ അസമിന്‍റെ ആണോ, ആരുടെ കവര്‍ഡ്രെെവ് ആണ് ഏറ്റവും മികച്ചതെന്ന ചോദ്യമാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഉന്നയിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്ക് അവരുടെ പ്രതികരണം അറിയിക്കുകയും ചെയ്യാം.