ലണ്ടന്‍: ലോകകപ്പ് സെമിയിലെത്താമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്‌നത്തിന് അവസാനമായത് ഡേവിഡ് മില്ലറുടെ ഫീല്‍ഡിങ് പരാജയമെന്ന് ആക്ഷേപം. ഒന്നും രണ്ടുമല്ല നാലോളം അവസരങ്ങളാണ് ഡേവിഡ് മില്ലര്‍ മാത്രം ഇന്നലെ ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ നിര്‍ണായക സമയത്ത് പാഴാക്കിയത്.

കെയ്ന്‍ വില്യംസണ്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു മില്ലര്‍ക്കു തുറന്ന അവസരം ലഭിച്ചത്. കാലില്‍ കൊണ്ട പന്തില്‍ റണ്ണില്ലെന്നുറപ്പിച്ചെങ്കിലും സഹ ബാറ്റ്‌സ്മാന്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ഓടുന്നത് കണ്ട് മനസ്സില്ലാ മനസോടെയാണ് കിവി ക്യാപ്റ്റന്‍ സ്വന്തം ക്രീസ് വിട്ടത്.

നോണ്‍ സ്‌ട്രൈക്കിങ് പോയിന്റിലേക്ക് ഓടിയ വില്യംസണെ കാത്ത് അവിടെ ഡേവിഡ് മില്ലര്‍ നില്‍പ്പുണ്ടായിരുന്നു. ഔട്ട് എന്ന് കിവീസ് ആരാധകര്‍ പോലും ഉറപ്പിച്ച പന്ത് മില്ലറെയും കടന്ന് പന്തു പോകുന്നതു കണ്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തലയില്‍ കൈവച്ചു പോയി. പന്ത് മില്ലറെ കടക്കും മുന്നേ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ട് തട്ടി ബെയ്ല്‍സ് തെറിച്ചിരുന്നുവെന്നത് വേറെ കാര്യം.

ആ സമയത്ത് വില്യംസണ്‍ ക്രീസില്‍ നിന്നും ഏതാണ്ട് അര മീറ്ററോളം പിന്നിലുമായിരുന്നു. മില്ലര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തിരക്കും മുന്നേ പിന്നെയും പരാജയഭൂതം ദക്ഷിണാഫ്രിക്കയെ ചൂഴ്ന്നു നിന്നു. അതും മില്ലറുടെ രൂപത്തില്‍! അതിനും അഞ്ച് ഓവറുകള്‍ക്ക് മുന്നേ കോളിന്‍ ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കാന്‍ കിട്ടിയ റണ്ണൗട്ട് ചാന്‍സ് തുലച്ചത് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍.

ആ സമയത്ത് കോളിന്‍ വെറും 14 റണ്‍സ് മാത്രമാണെടുത്തിരുന്നത്. തുടര്‍ന്ന് രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഷോട്ട് കളിച്ച ഗ്രാന്‍ഡ്‌ഹോമിനു പിന്നെയും പിഴച്ചു. അപ്പോഴും ചോരുന്ന കൈകളുമായി മില്ലറായിരുന്നു ഫീല്‍ഡില്‍. അങ്ങനെ ബൗണ്ടറിക്കരുകിലേക്ക് സ്ഥാനചലനം കിട്ടിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോമിന്റെ ഉയര്‍ന്നു വന്ന പന്ത് പിടിക്കാനുള്ള അവസരവും മില്ലറെ തേടിവന്നു.

അതു കൈക്കുള്ളിലാക്കിയില്ലെന്നു മാത്രമല്ല, പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. മില്ലറുടെ പരാജയപ്പെട്ട ലോകകപ്പാണ് ഇതെന്നു കൂടി പറയേണ്ടി വരും. സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു റണ്‍സും വെസ്റ്റിന്‍ഡീസിനെതിരേ കളിക്കാനും കഴിഞ്ഞില്ല.

ബംഗ്ലാദേശിനെതിരേ 38, ഇന്ത്യക്കെതിരേ 31, ന്യൂസിലന്‍ഡിനെതിരേ 36 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അഫ്ഗാനിസ്ഥാനെതിരേയും വെസ്റ്റിന്‍ഡീസിനെതിരേയും കളിക്കാനും കഴിഞ്ഞില്ല. അഞ്ചു സെഞ്ചുറികളടക്കം 125 ഏകദിനങ്ങളില്‍ നിന്ന് 3027 റണ്‍സ് മില്ലര്‍ നേടിയിട്ടുണ്ട്. ഇനി പാക്കിസ്ഥാനെതിരേ ഞായറാഴ്ചയും ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുമാണ് ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച മത്സരങ്ങള്‍.