നോട്ടിംഗ്ഹാം: വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ വീണ്ടും  സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കുറിച്ചത് മറ്റൊരു റെക്കോര്‍ഡ് കൂടി.  147 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്ന ക്ലാസിക് ഇന്നിംഗ്സ് ആയിരുന്നു വാര്‍ണറുടേത്.

പുറത്താകുമ്പോള്‍ 166 റണ്‍സാണ് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തത്. അതിനൊപ്പം പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ത്തു. ലോകകപ്പില്‍ 150ന് മുകളില്‍ രണ്ടു വട്ടം സ്കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനായാണ് വാര്‍ണര്‍ മാറിയത്. നേരത്തെ, 2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 164 പന്തില്‍ നിന്ന് 178 റണ്‍സ് വാര്‍ണര്‍ അടിച്ചെടുത്തിരുന്നു.

ഏകദിന ക്രിക്കറ്റിലെ 16-ാം സെഞ്ചുറിയാണ് വാര്‍ണര്‍ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്. 110 ഇന്നിംഗ്സുകളില്‍ നിന്നാണ് വാര്‍ണര്‍ 16-ാം ശതകം നേടിയത്. ഇതോടെ അതിവേഗത്തില്‍ 16 സെഞ്ചുറി നേടുന്നതില്‍ വിരാട് കോലിക്കൊപ്പം രണ്ടാം സ്ഥാനത്ത് എത്താനും ഓസീസ് താരത്തിന് സാധിച്ചു.

94 ഇന്നിംഗ്സുകളില്‍ 16 സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമത്. എന്നാല്‍, ലോകകപ്പില്‍ ഇരട്ട സെഞ്ചുറി കുറിക്കുന്ന മൂന്നാമത്തെ താരമാകാനുള്ള അവസരം വാര്‍ണര്‍ക്ക് നഷ്ടമായതിന്‍റെ സങ്കടത്തിലാണ് താരത്തിന്‍റെ ആരാധകര്‍.