മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വിജയങ്ങള്‍ മാത്രം നേടിയുള്ള ഇന്ത്യന്‍ കുതിപ്പ് തുടരുകയാണ്. ന്യുസിലന്‍ഡ് പാക്കിസ്ഥാന് മുന്നില്‍ വീണതോടെ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ പരാജയം അറിയാത്ത സംഘം ഇന്ത്യ മാത്രമാണ്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ഇന്ത്യന്‍ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു കഴിഞ്ഞു.

ന്യുസിലന്‍ഡുമായുള്ള മത്സരം മഴ മൂലം നഷ്ടപ്പെടുകയും ചെയ്തു. ലോകകപ്പില്‍ മിന്നും വിജയങ്ങള്‍ക്കിടയിലും ഇന്ത്യക്ക് സങ്കടമായി മാറിയത് ശിഖര്‍ ധവാന്‍റെ പരിക്ക് മാത്രമാണ്. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ മത്സരത്തിലാണ് ധവാന് വിരലിന് പരിക്കേറ്റത്. ധവാന്‍റെ പരിക്ക് ഭേദമാകുമെന്ന വിശ്വാസം ടീം മാനേജ്മെന്‍റ് പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് ഋഷഭ് പന്തിനെ പകരക്കാരനായി ടീമിലെടുക്കുകയായിരുന്നു.

എന്നാല്‍, പരിക്കേറ്റ് പുറത്തായെങ്കിലും ധവാന്‍റെ ഹൃദയം ഇപ്പോഴും ഇന്ത്യന്‍ ടീമിനൊപ്പം തുടിക്കുന്നുണ്ട്. ഇത് പോലെ തന്നെ ഉയരത്തിലേക്ക് പറക്കട്ടെയെന്നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള വിജയത്തിന് ശേഷം ധവാന്‍ പ്രതികരിച്ചത്.