ലണ്ടന്‍: ഇന്ത്യ- പാക് പോരാട്ടങ്ങൾ പോലെ എക്കാലവും ആവേശക്കൊടുമുടി കയറാറുണ്ട് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരങ്ങൾ. ആഷസ് പോരാട്ടത്തെ ക്രിക്കറ്റിലെ പൂരങ്ങളുടെ പൂരമായാണ് വിശേഷിപ്പിക്കുന്നത്. പാരമ്പര്യം കൊണ്ടും കുലീനത്വം കൊണ്ടും ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമാണ് ആഷസ്. 1882 ൽ ഇംഗ്ലണ്ടിൽ വച്ച് ഓസ്ട്രേലിയ ആദ്യമായി ടെസ്റ്റ് മത്സരം ജയിച്ചതാണ് കഥയുടെ തുടക്കം. 1882 ഓഗസ്റ്റ് 29ന് ഓവലിൽ മരിച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ ശരീരം ദഹിപ്പിച്ച് ചാരം ഓസ്ട്രേലിയയ്ക്ക് കൊണ്ടുപോവുമെന്ന് സ്പോർട്ടിംഗ് ടൈംസ് ദിനപ്പത്രം പരിഹസിച്ചെഴുതി.

ചാരം വീണ്ടെടുക്കാനുള്ള പോരാട്ടമായി ഇംഗ്ലണ്ടിന്‍റെ അടുത്ത ഓസീസ് പര്യടനത്തെ ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. ചാരം വീണ്ടെടുക്കുമെന്ന് അടുത്ത ശൈത്യകാലത്ത് ഓസ്ട്രേലിയക്ക് തിരിക്കും മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റൻ ഇവോ ബ്ലേയും പ്രഖ്യാപിച്ചു. നായകൻ വാക്ക് പാലിച്ചു. ഇംഗ്ലണ്ട് 2-1ന് പരമ്പര നേടി. പര്യടനത്തിന്‍റെ ഭാഗമായി വിക്ടോറിയക്കെതിരെ നടന്ന പ്രദർശന മത്സരത്തിന് ശേഷമാണ് ആഷസ് എന്ന സങ്കൽപം യാഥാർഥ്യമാവുന്നത്.

ഇംഗ്ലണ്ട് ജയിച്ച മൂന്നാം ടെസ്റ്റിൽ ഉപയോഗിച്ച ബെയ്ൽ കത്തിച്ച ചാരം ഒരു ചെപ്പിലടച്ച് ടീമിന്‍റെ ചില ആരാധികമാർ ടീമിന് സമ്മാനിച്ചു. പിന്നീടങ്ങോട്ട് ചെപ്പിലടച്ച ആ ആഷസിന് വേണ്ടിയായി ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടങ്ങൾ. എംസിസി ആസ്ഥാനമായ ലണ്ടനിൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇംപീരിയൽ ക്രിക്കറ്റ് മ്യൂസിയത്തിലാണ് ആഷസ് സൂക്ഷിച്ചിരിക്കുന്നത്.
ഇതിന്‍റെ മാതൃകയാണ് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ആഷസ് പരമ്പരയിൽ സമ്മാനിക്കുന്നത്.

ക്രിക്കറ്റിൽ തലമുറ മാറ്റം പലകുറി ഉണ്ടായെങ്കിലും ആഷസ് ഇരു രാജ്യങ്ങൾക്കും ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വേദിയാണ്. കായിക വിനോദം എന്നതിനപ്പുറം യുദ്ധം കണക്കെ താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടും. കാണികളും മോശമല്ല. ക്രിക്കറ്റിലേക്ക് തിരികെയെത്തിയ വാ‍ർണറെയും സ്മിത്തിനെയും ഈ ലോകകപ്പിലെ മത്സരങ്ങളിലെല്ലാം കൂവി പരിഹസിച്ചു. കണക്ക് പുസ്തകം വലുതാവുകയാണ്.പോരാട്ടങ്ങളുടെ ചൂടും കൂടുന്നു.