ലണ്ടന്‍: ഒരു ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ ടീം എന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്. 74 സിക്സുകളാണ് ഇംഗ്ലണ്ട് ടൂർണമെന്‍റിൽ ഇതുവരെ നേടിയത്. കഴിഞ്ഞ ലോകകപ്പിൽ 68 സിക്സർ പറത്തിയ വെസ്റ്റിന്‍ഡീസിന്‍റെ റെക്കോർഡ് ഇത്തവണ പഴങ്കഥയായി. 2007ൽ 67 സിക്സ് നേടിയ ഓസ്ട്രേലിയയും ഈ ലോകകപ്പിൽ 59 സിക്സ് നേടിയ വിൻഡീസുമാണ് ഇംഗ്ലണ്ടിന് പിന്നില്‍. 

ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ അടിച്ച് കൂട്ടിയത് 69 സിക്സ്. സെമിയിലെ അഞ്ചും ഓപ്പണർ ജേസൻ റോയ് വക. ലോകകപ്പിൽ ആദ്യമായി ഒരു ടീം 70 സിക്സർ കടന്നു. സ്റ്റീവ് സ്മിത്തിനെതിരെ ഹാട്രിക് സിക്സർ നേടി റോയ്.

സിക്സുകളുടെ കാര്യത്തിൽ രണ്ട് റെക്കോർഡുകൾ കൂടി ഇംഗ്ലണ്ട് ഈ ലോകപ്പിൽ തിരുത്തി എഴുതി. ഒരു ഏകദിനത്തിൽ ഏറ്റവും അധികം സിക്സ് നേടിയ ടീം ഇപ്പോൾ ഇംഗ്ലണ്ടാണ്. അഫ്ഗാനെതിരെ നേടിയ 25 സിക്സ്. ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡും ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗനും സ്വന്തമാക്കി. 17 സിക്സുകളാണ് അഫ്ഗാനെതിരെ മോർഗൻ അടിച്ച് കൂട്ടിയത്. 22 സിക്സുമായി ടൂർണമെന്‍റിലെ സിക്സ് വേട്ടയിൽ ഒന്നാമതും മോ‍ഗൻ തന്നെ.