ലണ്ടന്‍: ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തിയതാണ് സെമിയില്‍ ആത്മവിശ്വാസം നൽകിയതെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിന് കപ്പ് നേടാനുള്ള സുവർണാവസരമാണിതെന്നും മോർഗൻ മത്സരശേഷം പറഞ്ഞു. 

പരാജയപ്പെട്ടാല്‍ സെമിസാധ്യത അടഞ്ഞു പോകുമായിരുന്ന ലീഗ് മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തി. അവസാന ഓവറുകള്‍ വരെയും പ്രതീക്ഷയുണ്ടായിട്ടും അന്ന് ഇന്ത്യ വിജയം കൈവിടുകയായിരുന്നു. അതോടെ ഇംഗ്ലണ്ടിന് ജീവൻ നീട്ടിക്കിട്ടി. സെമിയിലെ സമ്മർദ്ദങ്ങളെല്ലാം അതിജീവിച്ചത് ഈ ജയം നൽകിയ ആത്മവിശ്വാസം കൊണ്ടാണെന്ന് നായകൻ ഓയിൻ മോർഗൻ വ്യക്തമാക്കി. 

ഇന്ത്യയെ തോൽപ്പിച്ച അതേ മൈതാനത്ത് തന്നെയാണ് ഓസ്ട്രേലിയക്കെതിരെയും വിജയം നേടിയത്. 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ഓയിൻ മോർഗന്‍റെയും സംഘത്തിന്‍റെയും പടയോട്ടം. ക്രിക്കറ്റിന്‍റെ ജന്മനാട്ടുകാർക്ക് ഇനി ഇതുവരെ കപ്പ് നേടാനായിട്ടില്ലെന്ന നിരാശ മാറ്റണം. അതിന് ലോർഡ്സിൽ ജയിക്കാനാവുമെന്ന് പ്രതീക്ഷയിലാണ് മോര്‍ഗന്‍.