മാഞ്ചസ്റ്റര്‍: ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടിയത്. നാലാം നമ്പറില്‍ കളിച്ചിരുന്ന കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പോയപ്പോള്‍ ത്രീ ഡയമന്‍ഷനല്‍ പ്ലയര്‍ എന്ന് സെലക്ടര്‍മാര്‍ വിശേഷിപ്പിച്ച വിജയ് ശങ്കര്‍ ആ സ്ഥാനത്തേക്ക് വരികയായിരുന്നു.

ആദ്യ കളിയില്‍ ബാറ്റ് കൊണ്ട് തിളങ്ങിയില്ലെങ്കിലും ബൗളിംഗ് മികവ് പ്രകടിപ്പിക്കാന്‍ വിജയ് ശങ്കറിന് സാധിച്ചു. എന്നാല്‍, നാലാം നമ്പറില്‍ വിജയ് ശങ്കര്‍ നിരന്തരം പരാജയപ്പെടുന്ന കാഴ്ചയാണ് ലോകകപ്പില്‍. ഓപ്പണര്‍മാരില്‍ നിന്ന് മികച്ച തുടക്കം ലഭിച്ചില്ലെങ്കില്‍ നാലാം നമ്പറില്‍ എത്തുന്ന താരത്തിന് വലിയ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്.

പക്ഷേ, വിജയ് ശങ്കറില്‍ നിന്ന് അത്തരമൊരു പ്രകടനം വരാത്തതിനാല്‍ മധ്യനിര കൂടുതല്‍ പ്രതിന്ധികളിലാവുകയാണ്. ഋഷഭ് പന്തിനെയോ അനുഭവസമ്പത്ത് ഏറെയുള്ള ദിനേശ് കാര്‍ത്തിക്കിനെയോ പരീക്ഷിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായതോടെ കളത്തിലെത്തിയ വിജയ് ശങ്കര്‍ 19 പന്തില്‍ 14 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് ഫോറുകള്‍ നേടി ഫോമിലാണെന്ന് തോന്നിപ്പിച്ച ശേഷമാണ് കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന് ക്യാച്ച് നല്‍കി വിജയ് മടങ്ങിയത്.