അവസരം മുതലാക്കിയ രോഹിതാവട്ടെ സെഞ്ചുറിവേട്ടയുമായി 544 റണ്‍സടിച്ച് റണ്‍വേട്ടക്കാരില്‍ മുന്നിലെത്തി. 

ലണ്ടന്‍: ഈ ലോകകപ്പിലെ ഏറ്റവും ഭാഗ്യവാൻ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ്. ഏഴ് ഇന്നിംഗ്‌സുകളില്‍ രോഹിത്തിന്‍റെ അഞ്ച് ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. അവസരം മുതലാക്കിയ രോഹിതാവട്ടെ സെഞ്ചുറിവേട്ടയുമായി 544 റണ്‍സടിച്ച് റണ്‍വേട്ടക്കാരില്‍ മുന്നിലെത്തി. രോഹിതിന്‍റെ തകര്‍പ്പന്‍ ഫോമും ഇതില്‍ നിര്‍ണായകമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ക്യാച്ച് പാഴാക്കിയപ്പോള്‍ ഹിറ്റ്‌മാന്‍ 122 റണ്‍സ് അക്കൗണ്ടിലാക്കി. ഓസ്‌ട്രേലിയന്‍ താരം കോള്‍ട്ടര്‍ നൈല്‍ രണ്ടില്‍ നില്‍ക്കേ രോഹിതിനെ നിലത്തിട്ടപ്പോള്‍ പിറന്നത് 57 റണ്‍സ്. ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ പോരാട്ടത്തിലുമുണ്ടായിരുന്നു പാഴായ ക്യാച്ചുകളുടെ അത്ഭുതം. നാലില്‍ നില്‍ക്കേ രോഹിതിനെ സ്ലിപ്പില്‍ റൂട്ട് കൈവിട്ടപ്പോള്‍ ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത് 102 റണ്‍സ്. അവസാന മത്സരത്തില്‍ ഒന്‍പതില്‍ നില്‍ക്കേ പുറത്താക്കാനുള്ള അവസരം ബംഗ്ലാ ഫീല്‍ഡര്‍ തമീം ഇക്‌ബാല്‍ പാഴാക്കിയപ്പോള്‍ 104 റണ്‍സ് പിറന്നു. 

വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന്‍റെയും അഞ്ച് ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടെങ്കിലും താരത്തിന് നേട്ടം കൊയ്യാനായില്ല. ലോകകപ്പില്‍ ബാറ്റിംഗില്‍ നിരാശ സമ്മാനിച്ച ഗെയ്‌ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 235 റണ്‍സ് മാത്രമാണ് അക്കൗണ്ടിലാക്കിയത്. ഇത്ര തന്നെ ഇന്നിംഗ്‌സുകളില്‍ നാല് തകര്‍പ്പന്‍ സെഞ്ചുറികളോടെയാണ് രോഹിത് ശര്‍മ്മ 544 റണ്‍സ് നേടിയത്.