ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു

ബര്‍മിംഗ്ഹാം: വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് രാജകീയമായാണ് ലോകകപ്പിന്‍റെ സെമിയിലേക്ക് ടീം ഇന്ത്യ മുന്നേറിയത്. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്.

ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു.

ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ കാരണങ്ങള്‍ ഇവയാണ്.

1. രോഹിത് നല്‍കിയ അവസരം പാഴാക്കിയത്- കളിയുടെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ നല്‍കിയ അവസരം ബംഗ്ലാദേശ് മുതലാക്കിയില്ല. മുസ്താഫിസുറിന്‍റെ നാലാം ഓവറിലെ നാലാം പന്തില്‍ മിഡ് വിക്കറ്റിലൂടെ വമ്പനിടിക്ക് മുതിര്‍ന്ന രോഹിത്തിന് അല്‍പ്പമൊന്നു പിഴച്ചു. എന്നാല്‍, തമീം ഇക്ബാല്‍ കെെയില്‍ വന്ന അവസരം താഴെയിട്ടു. രോഹിത്തിന്‍റെ സെഞ്ചുറി ഇന്ത്യക്ക് അടിത്തറ പാകി. 

2. രാഹുല്‍ നല്‍കിയ പിന്തുണ - ധവാന് പകരം ഓപ്പണറായി എത്തിയ രാഹുലിന്‍റെ ഭേദപ്പെട്ട ഇന്നിംഗ്സ്. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തിന് ഉറച്ച പിന്തുണ. റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് രോഹിത്തിനൊപ്പം രാഹുല്‍ പടുത്തുയര്‍ത്തിയത്. 

3. ഋഷഭ് ഫാക്ടര്‍ - അതിവേഗം റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യന്‍ മധ്യനിര വിയര്‍ക്കുന്നത് അടുത്ത കാലത്ത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍, ഋഷഭ് പന്തിന്‍റെ ചെറുവെടിക്കെട്ട് മധ്യനിരയില്‍ റണ്‍റേറ്റ് താഴാതെ കാത്തു. 

4. ബൗളിംഗില്‍ തിളങ്ങിയ ഹാര്‍ദിക് - ബാറ്റ് കൊണ്ട് പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്

5. ബുമ്ര മാജിക് - അവസാന ഓവറുകളിലെ മികവ് ഒരിക്കൽ കൂടെ ആവർത്തിക്കുകയായിരുന്നു ജസ്പ്രീത് ബുമ്ര. ബംഗ്ലാദേശ് വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ കഥ അതിവേഗത്തിൽ അവസാനിപ്പിച്ച് നാല് വിക്കറ്റ് നേട്ടം.