ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളെ പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് താരം ഗ്രയാം സ്വാന്‍. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായ ഇംഗ്ലണ്ട് കിരീടം നേടുമെന്നാണ് സ്വാനിന്‍റെ പ്രവചനം. ഓസ്‌ട്രേലിയക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. 

പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. ജേതാക്കളാവാന്‍ എല്ലാ യോഗ്യതയും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസീലന്‍ഡ് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ദുര്‍ബലരായ ടീമുകളോടായിരുന്നു അവര്‍ ഏറ്റുമുട്ടിയതെന്നും സ്വാന്‍ പറഞ്ഞു. 

അഞ്ച് മത്സരങ്ങളില്‍ നാല് ജയവും എട്ടു പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. നെറ്റ് റണ്‍റേറ്റിന്‍റെ നേരിയ വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയാണ് രണ്ടാമത്. ഏഴ് വീതം പോയിന്‍റുമായി ന്യൂസീലന്‍ഡും ഇന്ത്യയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.