ലണ്ടന്‍: ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസതാരം അലന്‍ ബോര്‍ഡര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഈ ലോകകപ്പില്‍ ശ്രദ്ധേയരാവാന്‍ പോകുന്ന നായകന്‍മാരെന്ന് ബോര്‍ഡര്‍ പറഞ്ഞു.

അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുന്ന നായകനാണ് വിരാട് കോലിയെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഹൃദയംകൊണ്ടാണ് പലപ്പോഴും കോലി കളിക്കുന്നത്. ഏകദിന ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാണ് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. മികച്ച ബാറ്റിംഗ് ലൈനപ്പും ബൗളിംഗ് യൂണിറ്റും ഉള്ള ഇംഗ്ലണ്ട് സെമി ഫൈനലില്‍ എത്തുമെന്ന് ഉറപ്പാണ്. തന്ത്രങ്ങളുടെ കാര്യത്തിലും മോര്‍ഗന് മറ്റ് ക്യാപ്റ്റന്‍മാരേക്കാള്‍ മുന്‍തൂക്കമുണ്ടെന്നും ബോര്‍ഡര്‍ പറഞ്ഞു.

ആരോണ്‍ ഫിഞ്ചിന് കീഴില്‍ ഓസീസ് മികച്ച സംഘമായി മാറിക്കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ഫിഞ്ച് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നു. ലോകകപ്പില്‍ ഈ മൂന്ന് നായകന്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പാണെന്നും ബോര്‍ഡര്‍ പറ‍ഞ്ഞു.