Asianet News MalayalamAsianet News Malayalam

അവിഷ്ക്ക ഫെര്‍ണാണ്ടോയെക്കുറിച്ച് സംഗക്കാര അന്നേ പറഞ്ഞു; ഇവന്‍ ലങ്കയുടെ 'കത്തിമുന'

യൂത്ത് ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് (1379 റണ്‍സ്) അവിഷ്‌ക്ക. ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡും ഇദ്ദേഹത്തിനു തന്നെ. നാലെണ്ണം.

ICC World Cup 2019 Avishka Fernando Profile
Author
London, First Published Jul 1, 2019, 8:07 PM IST

ലണ്ടന്‍: ഒരു ട്വന്റി 20 മത്സരമോ,എന്തിന് ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ കളിക്കാതെയാണ് അവിഷ്‌ക്ക ഫെര്‍ണാണ്ടോ എന്ന ബാറ്റ്‌സ്മാന്‍ ലങ്കന്‍ ടീമിന്റെ ജേഴ്‌സിയണിയുന്നത്. കളിച്ച ആദ്യ ഏകദിനത്തില്‍ ഡക്കായി പുറത്തായെങ്കിലും ഈ താരത്തിലെവിടെയേ ബാറ്റിംഗ് പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയ മുന്‍ ലങ്കന്‍ താരം കുമാര്‍ സംഗക്കാര വിശേഷിപ്പിച്ചതിങ്ങനെ- മികച്ച ടൈമിങ്, തേച്ചുമിനുക്കിയാല്‍ ലങ്കയുടെ കത്തിമുന. അതു തികച്ചും ശരിയാണെന്ന് വിന്‍ഡീസിനെതിരേയുള്ള ലോകകപ്പ് മത്സരം തെളിയിച്ചിരിക്കുന്നു. ഒന്‍പതാം ഏകദിനം മാത്രം കളിക്കുന്ന ഒരു താരത്തില്‍ നിന്നും പക്വതയുള്ള ഒരു സെഞ്ചുറി. ഇതാണ് വീരഹന്‍ഡിഗേ ഇനോള്‍ അവിഷ്‌ക്ക ഫെര്‍ണാണ്ടോ എന്ന ഇരുപത്തിയൊന്നുകാരന്‍.

യൂത്ത് ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് (1379 റണ്‍സ്) അവിഷ്‌ക്ക. ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡും ഇദ്ദേഹത്തിനു തന്നെ. നാലെണ്ണം. 103 പന്തില്‍ നിന്നും 127 റണ്‍സ് നേടി ഓസ്‌ട്രേലിയ അണ്ടര്‍ 19-നെ വിസ്മയിപ്പിക്കുമ്പോള്‍ അവിഷ്‌ക്കയ്ക്ക് പ്രായം പതിനഞ്ച് തികഞ്ഞിട്ടില്ലായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 95 റണ്‍സ് നേടി ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചതും ഈ താരത്തിന്റെ മിടുക്കു തന്നെ. ഇംഗ്ലണ്ടിനെതിരേയുള്ള പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറിയും നേടികൊണ്ടാണ് അവിഷ്‌ക്ക തന്റെ വരവ് അറിയിച്ചത്.

ICC World Cup 2019 Avishka Fernando Profileഈ ധാരാളിത്തം കണ്ടിട്ടാണ് പതിനെട്ടാം വയസില്‍ ലങ്കന്‍ ദേശീയ ടീമിലേക്കു വിളി വന്നത്. ഓസ്‌ട്രേലിയക്കെതിരേ 2016-ല്‍ ധാംബുള്ളയില്‍ വച്ചായിരുന്നു അരങ്ങേറ്റം. രണ്ടു പന്തുകള്‍ നേരിട്ടെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങാനായിരുന്നു യോഗം. അതിനു ശേഷമാണ് ഒരു ട്വന്റി 20 മത്സരം പോലും കളിക്കുന്നത്. എന്തിനു പറയുന്നു, ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും അതിനു ശേഷമായിരുന്നു എന്നതാണ് രസകരം. ഒരു പക്ഷേ, ഈ രണ്ടു ഫോര്‍മാറ്റിലും കളിക്കാതെ രാജ്യാന്തര മത്സരം കളിച്ച ആദ്യതാരവും ആവിഷ്‌ക്ക ആയിരുന്നേക്കാം (രേഖപ്പെടുത്തിയിട്ടില്ല).

ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ആദ്യ രാജ്യാന്തര ട്വന്റി 20 കളിക്കുന്നത്. തുടര്‍ന്നു ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിനെതിരേ നേടിയ 74 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള മികച്ച പ്രകടനം. പിന്നീട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും സന്നാഹമത്സരം കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ ലീഡ്‌സിലായിരുന്നു ലോകകപ്പില്‍ പാഡ് അണിഞ്ഞത്. അന്ന് 49 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 30 റണ്‍സും നേടി. എന്നാല്‍ അവിഷ്‌ക്കയുടെ ബാറ്റിങ് കരുത്ത് ശരിക്കും പ്രകടമായത്, ചെസ്റ്റര്‍ ലെ സ്ട്രീറ്റ് മൈതാനത്തായിരുന്നു.

ICC World Cup 2019 Avishka Fernando Profileവെസ്റ്റിന്‍ഡീസ് ബൗളര്‍മാരുടെ തീപാറുന്ന ബൗളിങ്ങിനിടയിലും കന്നി സെഞ്ചുറിയുമായി അവിഷ്‌ക്ക ലോകക്രിക്കറ്റിലേക്കുള്ള വരവ് അറിയിച്ചിരിക്കുകയാണ്. 103 പന്തുകള്‍ നേരിട്ട് ഒന്‍പതു ഫോറും രണ്ടു സിക്‌സും സഹിതം 104 റണ്‍സ്. പതിനഞ്ചാമത്തെ ഓവറില്‍ മൂന്നാമനായി ക്രീസിലെത്തി ഒടുവില്‍ പട്ടാള ബൗളറായ കോട്രിയലിനു വിക്കറ്റ് സമ്മാനിച്ചു നാല്‍പ്പത്തിയേഴാം ഓവറില്‍ മടങ്ങുമ്പോള്‍ ലങ്കയെ മികച്ച സ്‌കോറിലെത്തിക്കാനും ഈ കൗമാരക്കാരനു കഴിഞ്ഞു. അതൊരു വലിയ കാര്യം തന്നെയാണ്.

അവിഷ്‌ക്കയുടെ ഷോട്ട് തെരഞ്ഞെടുക്കുന്നതിലെ കൗശലവും മികവുമാണ് ഈ താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇതുവരെ ടെസ്റ്റ് ക്യാപ് അണിഞ്ഞിട്ടില്ലാത്ത അവിഷ്‌ക്കയില്‍ നിന്നും കൂടുതല്‍ വലിയ ഇന്നിങ്‌സുകള്‍ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഇന്നത്തെ സെഞ്ചുറി തെളിയിക്കുന്നു.

Follow Us:
Download App:
  • android
  • ios