നൈലിനെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയ്‌നെ ടീമിലെടുക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് നഥാനു വിളി വന്നത്

നോട്ടിംഗ്ഹാം: കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരേ എട്ടാമനായി ഇറങ്ങി ബാറ്റിംഗ് വെടിക്കെട്ടു തീര്‍ത്ത നഥാന്‍ കോള്‍ട്ടര്‍നൈല്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു. ഈ സീസണില്‍ കോലിയുടെ ടീം കപ്പ് നേടുമെന്ന രീതിയില്‍ മുന്നോട്ടു പോകവേയാണ് വലിയ ഫോമിലല്ലാതിരുന്ന നൈലിനെ ബാംഗ്ലൂര്‍ നൈസായി ഒഴിവാക്കിയത്. വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല്‍ എന്ന നിലയ്ക്ക് കാര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് അതു മുതലാക്കിയെന്നതാണു സത്യം.

നൈലിനെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയ്‌നെ ടീമിലെടുക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് നഥാനു വിളി വന്നത്. ഇതേത്തുടര്‍ന്നു യുഎഇയില്‍ നടന്ന പാക്കിസ്ഥാനെതിരേയുള്ള ഏകദിന പരമ്പരയ്ക്കു വേണ്ടി ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ നിന്നുമൊഴിവാക്കണമെന്നായിരുന്നു നൈലിന്റെ ആവശ്യം. എന്നാല്‍, അതു നടക്കില്ലെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചതോടെ നൈല്‍ ഒഴിവാകുകയായിരുന്നു. (നൈല്‍ പോയി സ്‌റ്റെയ്ന്‍ വന്നിട്ടും ബാംഗ്ലൂര്‍ പാഠം പഠിച്ചില്ലെന്നതു വേറെ കാര്യം.)വിന്‍ഡീസിനെതിരേ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനത്തിന്റെ പത്തിലൊന്ന് തന്നിരുന്നുവെങ്കില്‍ 2018-ല്‍ ആദ്യ നാലിലെങ്കിലും ബാംഗ്ലൂര്‍ എത്തിയേനെ എന്നാണ് ആരാധകരുടെ വിലാപം. എട്ടു ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍ അന്നു സീസണ്‍ അവസാനിപ്പിച്ചത്.

2013-ല്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് സീസണില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് ഐപിഎല്ലിലേക്കു നൈലിനു ക്ഷണം വരുന്നത്. അന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നൈലിനെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ വാശിയോടെ ലേലം വിളിച്ചു. ഒരു ലക്ഷം ഡോളര്‍ അടിസ്ഥാന വിലയുണ്ടായിരുന്ന താരം മുംബൈ ഇന്ത്യന്‍സിലെത്തിയത് നാലരലക്ഷം ഡോളറിന് (ഏതാണ്ട് മൂന്നു കോടിക്കു മുകളില്‍).

ആ സീസണില്‍ നൈല്‍ ആകെ കളിച്ചത് ഒരേയൊരു മത്സരം. ധര്‍മശാലയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നാലോവറില്‍ 29 റണ്‍സ് വഴങ്ങി നേടിയത് ഒരു വിക്കറ്റും. ബാറ്റ് ചെയ്തപ്പോള്‍ ആറു പന്തില്‍ നിന്നും ഒമ്പത് റണ്‍സും. മുംബൈ ഇന്ത്യന്‍സ് ആ കളി മാന്യമായി 50 റണ്‍സിനു തോല്‍ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഡല്‍ഹി നൈലിനെ റാഞ്ചി. വില കേട്ടാല്‍ ഞെട്ടരുത്, 4.25 കോടി രൂപയ്ക്ക്! കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും 2017-ല്‍ മൂന്നരക്കോടി രൂപയ്ക്കാണ് കോല്‍ക്കത്ത നൈലിനെ സ്വന്തമാക്കിയത്. 2018-ല്‍ ബാംഗ്ലൂര്‍ 2.2 കോടി രൂപയ്ക്കും വാങ്ങി.

ഐപിഎല്ലില്‍ എന്നല്ല, കഴിഞ്ഞ കാലത്തൊന്നും ഈ താരം ശ്രദ്ധിക്കപ്പെടുന്ന പെര്‍ഫോമന്‍സ് ഒരിടത്തും കാഴ്ചവച്ചിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരേ സന്നാഹ മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. എന്നാല്‍ അഫ്ഗാനെതിരേയുള്ള മത്സരത്തിലും വിന്‍ഡീസിനെതിരേയും ഒരു വിക്കറ്റു പോലും വീഴ്ത്താന്‍ നൈലിനു കഴിഞ്ഞില്ല.

ബാറ്റിങ്ങില്‍ മാര്‍ച്ച് ആദ്യം ഇന്ത്യയ്‌ക്കെതിരേ നാഗ്പൂരില്‍ നാലു റണ്‍സ്, ദുബായില്‍ പാക്കിസ്ഥാനെതിരേ രണ്ടു റണ്‍സ്, ന്യൂസിലന്‍ഡ് ഇലവനെതിരേ 34 റണ്‍സ്, ഇംഗ്ലണ്ടിനെതിരേ സന്നാഹ മത്സരത്തില്‍ ഒരു റണ്‍സ് എന്നിങ്ങനെയായിരുന്നു അടുത്തകാലത്തെ സ്‌കോറുകള്‍. അപ്പോള്‍ പിന്നെ, നോട്ടിംഗ്ഹാമില്‍ സംഭവിച്ചതെന്താണ്? നൈലും ആലോചിക്കുന്നത് അതു തന്നെയാവണം.