ഏകദിന ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായത്.

കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സടിച്ച ഇംഗ്ലണ്ടിന് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഇംഗ്ലണ്ട് ഏകദിനങ്ങളില്‍ 300 കടക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായത്.

2007ല്‍ ഓസ്ട്രേലിയ തുടര്‍ച്ചയായി ആറ് തവണ 300 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തതിന്റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെതിരെ മറികടന്നത്. ഓപ്പണര്‍ ജേസണ്‍ റോയിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(153), ജോസ് ബട്‌ലറുടെ(64) മിന്നല്‍ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ട് റണ്‍മല കയറിയത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് റോയ്. നേരത്തെ ജോ റൂട്ടും ജോസ് ബട്‌ലറും പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയിരുന്നു.

ഒരു ലോകകപ്പില്‍ ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ലോകകപ്പും ഇതു തന്നെയാണ്. 1975, 1983, 2011, 2015 ലോകകപ്പുകളില്‍ രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ വീതം സെഞ്ചുറി നേടിയിരുന്നു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ഇംഗ്ലണ്ട് നേടിയ 386 റണ്‍സ്. ഇന്ത്യ നേടിയ 370 റണ്‍സാണ് ഇംഗ്ലണ്ട് മറികടന്നത്.