റാഞ്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസ് ബൗളറാണ് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. അതേ മക്ഗ്രാത്ത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആരെന്ന പ്രഖ്യാപനവുമായി എത്തിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യയുടെ യുവ പേസര്‍ ജസ്പ്രീത് ബൂമ്ര തന്നെ.

ഇംഗ്ലണ്ട് ലോകകപ്പില്‍ തന്നില്‍ ഏറ്റവും കൂടുതല്‍ മതിപ്പുളവാക്കിയ പേസ് ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയാണെന്ന് മക്ഗ്രാത്ത് പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യന്‍ പേസ് പടയുടെ പ്രകടനും മികച്ചതായിരുന്നുവെന്ന് പറഞ്ഞ മക്ഗ്രാത്ത് ബൂമ്രയുടേത് അസാമാന്യ പ്രകടനമായിരുന്നുവെന്നും വ്യക്തമാക്കി.

ചെറിയ റണ്ണപ്പും വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുമാണ് ബൂമ്രയുടെ വിജയരഹസ്യമെന്നും മക്ഗ്രാത്ത് പറഞ്ഞു. എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ടാലന്റ് ഹണ്ട് പദ്ധതിക്കായി എംഎസ് ധോണിയുടെ നാടായ റാഞ്ചിയിലെത്തിയപ്പോഴായിരുന്നു മക്ഗ്രാത്തിന്റെ പ്രതികരണം. ഇംഗ്ലണ്ട് ലോകകപ്പിലെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിര ഇന്ത്യയുടെതാണെന്നും മക്ഗ്രാത്ത് പറഞ്ഞു.

ലോകകപ്പില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ ടീമുകള്‍ക്കാണ് കിരീടം സാധ്യതയെന്ന് പറഞ്ഞ മക്ഗ്രാത്ത് ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടീമിന്റെ മനോഭാവും മുന്‍ ടീമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നും വ്യക്തമാക്കി. സ്റ്റീവ് വോ ദയയില്ലാത്ത ക്യാപ്റ്റനായിരുന്നു. ആദ്യ പന്ത് മുതല്‍ എതിരാളികളെ അടിച്ചൊതുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഇപ്പോഴത്തെ ടീം അങ്ങനെയാണെന്ന് തോന്നുന്നില്ലെന്നും മക്ഗ്രാത്ത് പറഞ്ഞു. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബൂമ്ര ഈ ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.