സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി സെമി സാധ്യത സജീമാക്കിയ ഇന്ത്യ അടുത്ത മത്സരത്തില്‍ അഫ്ഗാനെയാണ് നേരിടുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു കാട്ടുന്ന ടീം ഇന്ത്യ ഫീല്‍ഡിംഗ് നിലവാരത്തിലും പിന്നിലല്ല. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെയും മോശം ഫീല്‍ഡറെയുംക്കുറിച്ച് മനസുതുറക്കുകയാണ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ആര്‍.ശ്രീധര്‍.

ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം ഫീല്‍ഡറെന്ന് ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ വ്യക്തമാക്കി. ചാഹലിന്റെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും ശ്രീധര്‍ പറഞ്ഞു. ചാഹല്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. പക്ഷെ പ്രശ്നം എന്താണെന്നുവെച്ചാല്‍ ചാഹലിന്റെ കൈകള്‍ വളരെ ചെറുതാണ്. ചാഹലിന്റെ വിരലുകളും അതുപോലെ മെലിഞ്ഞതാണ്. അതിവേഗത്തില്‍ പന്ത് വരുമ്പോള്‍ അത് കൈക്കുള്ളിലൊതുക്കാന്‍ അതുകൊണ്ടുതന്നെ ചാഹലിന് കഴിയുന്നില്ല.

ഗ്രൗണ്ട് ഫീല്‍ഡിംഗില്‍ ചാഹല്‍ മികവ് കാട്ടുന്നുണ്ട്. ഔട്ട് ഫീല്‍ഡില്‍ നിന്നുളള ത്രോയും മികച്ചതാണ്. ബൗണ്ടറിയില്‍ സ്ലൈഡ് ചെയ്യാനും ഡൈവ് ചെയ്യാനും പന്തിനെ അതിവേഗം ചേസ് ചെയ്യാനും ചാഹലിന് കഴിയും. പക്ഷെ ക്യാച്ചെടുക്കുമ്പോള്‍ മാത്രമാണ് പ്രശ്നം. മെലിഞ്ഞ വിരലുകളാണ് ചാഹലിനെ ചതിക്കുന്നത്. സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുക്കുമ്പോഴും ചാഹലിന് ഈ പ്രശ്നമുണ്ട്. 2017 മുതല്‍ 2019ലെ ഓസീസ് പരമ്പര വരെയുള്ള കാലയളവില്‍ ചാഹല്‍ ഒമ്പത് ക്യാച്ചുകള്‍ കൈവിട്ടിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം സ്വന്തം ബൗളിംഗിലും ഒരെണ്ണം ഔട്ട് ഫീല്‍ഡിലുമായിരുന്നു.

ക്യാച്ചെടുക്കാന്‍ ശ്രമിച്ചിട്ട് ചാഹലിന്റെ മൂന്നോ നാലോ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുമുണ്ട്. പക്ഷെ അദ്ദേഹം ഒരു പോരാളിയാണ്. അതില്‍ നിന്നൊക്കെ അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇന്ത്യയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ വിശ്വസ്തമായിരുന്നു. ചാഹലിന് ടെന്നീസ് ബോളിലും സോഫ്റ്റ് ബോളിലുമാണ് ഫീല്‍ഡിംഗ് പരിശീലനം നല്‍കുന്നതെന്നും ശ്രീധര്‍ പറഞ്ഞു.

ബാറ്റിംഗിലെന്നപോലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നും ശ്രീധര്‍ പറഞ്ഞു. എന്നാല്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിംഗില്‍ കോലിക്ക് കനത്ത വെല്ലുവിളിയാണ് സമീപകാലത്തായി ഉയര്‍ത്തുന്നത്. പ്രത്യേകിച്ചും ഔട്ട് ഫീല്‍ഡില്‍ ജഡ്ഡുവും കോലിയുമായുള്ള അകലം കുറച്ചുവരികയാണെന്നും ശ്രീധര്‍ വ്യക്തമാക്കി.