മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പൊരുതി വീണപ്പോള്‍ തല ഉയര്‍ത്തി നിന്നത് രവീന്ദ്ര ജഡേജ മാത്രം. ബൗളിംഗിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഒരുപോലെ മിന്നിയ ജഡേജയുടെ സൂപ്പര്‍മാന്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ തോല്‍വി ഇതിലും കനത്തതാവുമായിരുന്നു. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍.

രോഹിത്തിന്റെയും കോലിയുടെയും പുറത്താകല്‍: ലോകകപ്പില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മുന്നേറ്റം രോഹിത്, കോലി, രാഹുല്‍ സഖ്യത്തിന്റെ ബാറ്റിംഗ് മികവിലായിരുന്നു. മധ്യനിരയുടെ ബലഹീനത അധികം പ്രകടമാകാതിരുന്നതും ഇവരുടെ പ്രകടനം കൊണ്ടാണ്. എന്നാല്‍ നാലോവറിനുള്ളില്‍ മൂന്നുപേരും കൂടാരം കയറിയതോടെ ഇന്ത്യ പതറി.

മധ്യനിരയിലെ മെല്ലെപ്പോക്ക്: നാലാം നമ്പറിലെത്തിയ ഋഷഭ് പന്ത് അനായാസം ബാറ്റിംഗ് തുടങ്ങിയെങ്കിലും ദിനേശ് കാര്‍ത്തിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. നേരിട്ട ആദ്യ 20 പന്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്ന കാര്‍ത്തിക് 25 പന്തില്‍ 6 റണ്‍സെടുത്താണ് പുറത്തായത്. കാര്‍ത്തിക്ക് പുറത്തായശേഷം ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം കൂട്ടുകെട്ടുയര്‍ത്തിയ ഋഷഭ് പന്തും റണ്‍സ് വരള്‍ച്ചയില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു.

ധോണിയുടെയും പാണ്ഡ്യയുടെയും ഒച്ചിഴയും ബാറ്റിംഗ്: ഋഷഭ് പന്ത് പുറത്തായശേഷം അനാവശ്യകരുതലെടുത്ത ധോണിയും പാണ്ഡ്യയും സമ്മര്‍ദ്ദം സ്വയം വിളിച്ചുവരുത്തി.സിംഗിളുകളെടുക്കാന്‍ പോലും ഇരുവരും ബുദ്ധിമുട്ടി. ഒടുവില്‍ റണ്‍ നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ സാന്റ്നറെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ പാണ്ഡ്യ വില്യംസണ് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു.

ജഡേജയുടെ പുറത്താകല്‍: ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 48-ാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്താകുംവരെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മറുവശത്ത് ധോണിയുടെ മെല്ലെപ്പോക്ക് സമ്മര്‍ദ്ദം കൂട്ടിയപ്പോള്‍‍ ബോള്‍ട്ടിനെതിരെ സിക്സറടിക്കാന്‍ ശ്രമിച്ച ജഡേജയുടെ പുറത്താകല്‍ കളിയില്‍ നിര്‍ണായകമായി. ഇതോടെ എല്ലാ പ്രതീക്ഷകളും ധോണിയുടെ ചുമലിലായി. ഒരറ്റത്ത് ജഡേജ അടിച്ചു തകര്‍ക്കുമ്പോഴും സിംഗിളുകള്‍ മാത്രമായിരുന്നു ധോണിയുടെ ബാറ്റില്‍ നിന്ന് വന്നത്. ജഡേജക്ക് സ്ട്രൈക്ക് കൈമാറാന്‍ പോലും ധോണിക്ക് പലപ്പോഴും കഴിഞ്ഞതുമില്ല.

ധോണിയുടെ റണ്ണൗട്ട്: ധോണി ക്രീസിലുള്ളപ്പോള്‍ അവസാന രണ്ടോവറില്‍ 31 റണ്‍സ് എന്നത് ഇന്ത്യക്ക് അസാധ്യമായിരുന്നില്ല. ലോക്കി ഫെര്‍ഗൂസന്റെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ധോണി ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. എന്നാല്‍ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിച്ച ധോണിയെ ഗപ്ടില്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.