ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ന്യൂസിലന്‍ഡിനെതിരേയായിരുന്നു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റത് ആറു വിക്കറ്റുകള്‍ക്കായിരുന്നു. ഈ മത്സരം തോറ്റാണ് ഇന്ത്യ ലോകകപ്പ് തുടങ്ങിയതെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം എന്ന ഖ്യാതിയോടെയാണ് അവര്‍ സെമിയില്‍ കടന്നത്. എന്നിട്ടും കിവീസിനോട് സെമിയില്‍ തോറ്റു മടങ്ങാനായിരുന്നു ടീം ഇന്ത്യയുടെ യോഗം.

ഈ സന്നാഹമത്സരവും സെമിയും തമ്മില്‍ ഒട്ടേറെ സാമ്യമുണ്ട്. സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പോരാട്ടം പുറത്തെടുത്തത് രവീന്ദ്ര ജഡേജയായിരുന്നു. 50 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 54 റണ്‍സ്. സെമിയിലും ജഡേജയായിരുന്നു താരം. 59 പന്തില്‍ നാലു ബൗണ്ടറിയും നാലു സിക്‌സും സഹിതം 77 റണ്‍സ്. സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും (2) ശിഖര്‍ ധവാനെയും (2) ഒരേ സ്‌കോറില്‍ തന്നെ ട്രന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ സെമിയില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (1) കെ.എല്‍. രാഹുലും (1) പുറത്തായതും ഒരേ സ്‌കോറില്‍ തന്നെ.പുറത്താക്കിയതും ഒരേ ബൗളര്‍, മാറ്റ് ഹെന്‍ട്രി. സന്നാഹ മത്സരത്തിലും സെമിയിലും ദിനേശ് കാര്‍ത്തിക്ക് ഒരേ പോലെ പരാജയമായി.

രണ്ടു മത്സരത്തിലും കാര്‍ത്തിക്ക് ഒരു ബൗണ്ടറി നേടി. സന്നാഹമത്സരത്തില്‍ നാലു റണ്‍സും സെമിയില്‍ ആറു റണ്‍സുമായിരുന്നു താരത്തിന്റെ സംഭാവന. എന്നാല്‍ സെമിയില്‍ കളിയിലെ താരമായ മാറ്റ് ഹെന്‍ട്രിക്ക് സന്നാഹമത്സരത്തില്‍ കളിക്കാന്‍ അവസരം കിട്ടിയില്ലെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു സാമ്യം, സന്നാഹ മത്സരത്തില്‍ ജസ്പ്രീത് ബുംമ്രയ്ക്കും, യൂസവേന്ദ്ര ചാഹലിനും, ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും, രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍, അത്ര തന്നെ വിക്കറ്റുകളാണ് ഈ താരങ്ങള്‍ക്ക് സെമിയിലും കിട്ടിയത്. സന്നാഹ മത്സരത്തില്‍ കിവീസിനു വേണ്ടി ശോഭിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (67), റോസ് ടെയ്‌ലറും (71) സെമിയിലും 67, 74 റണ്‍സുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു.

ഇരുടീമുകളും ഇതുവരെ 107 ഏകദിനങ്ങള്‍ കളിച്ചു. ഇതില്‍ 55 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ ന്യൂസിലന്‍ഡിന് 46 എണ്ണമേ ജയിക്കാനായുള്ളു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.