ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഫൈനല്‍ സ്വപ്നം കണ്ട് ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുകയാണ്. ഇന്ത്യയുടെ ഏഴാമത്തെയും ന്യൂസിലന്‍ഡിന്‍റെ എട്ടാമത്തേയും സെമിയാണിത്. എട്ടുതവണ സെമിയില്‍ എത്തിയെങ്കിലും ഒരിക്കല്‍ മാത്രമാണ് സെമികടമ്പ കടക്കാന്‍ കിവികള്‍ക്ക് കഴിഞ്ഞത്. ഇന്ത്യയാകട്ടെ മൂന്നു തവണ ഫൈനലിലേക്ക് മുന്നേറി. അതില്‍ രണ്ടു തവണ കിരീടവും സ്വന്തമാക്കി. 

1975ൽ തുടങ്ങിയ ലോകകപ്പിന്‍റെ ഒന്നും രണ്ടും പതിപ്പുകളിൽ തുടക്കത്തില്‍ തന്നെ പുറത്തായ ഇന്ത്യ 1983 ലാണ് ആദ്യമായി സെമിഫൈനലിൽ എത്തുന്നത്. ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ കപിലും സംഘവും വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി കിരീടവും സ്വന്തമാക്കി. തൊട്ടടുത്ത ലോകകപ്പിൽ ഇംഗ്ലണ്ട് പക്ഷേ ഇന്ത്യയെ സെമിയില്‍ വീഴ്ത്തി. ഇംഗ്ലണ്ടിന്‍റെ 254 റൺസ് പിന്തുടർന്ന ചാമ്പ്യന്മാരുടെ പോരാട്ടം 219 ൽ അവസാനിച്ചു. 

1996 ലായിരുന്നു സെമിയിലെ അടുത്ത ഊഴം. ഈഡൻഗാർഡനിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ബാറ്റിഗ് ചീട്ടു കൊട്ടാരംപോലെ തകർന്നുവീണപ്പോൾ കാണികൾ കളി തടസ്സപ്പെടുത്തി. വിനോദ് കാംബ്ലിയുടെ കണ്ണീർവീണ മത്സരത്തിൽ ലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു. 2003ലെ  സെമി എതിരാളികൾ കെനിയ. ഇന്ത്യക്ക് 91 റൺസ് ജയം. 

ഇന്ത്യ ചാമ്പ്യൻമാരായ 2011ൽ സെമിയിൽ പാക്കിസ്ഥാനെയാണ് തോൽപിച്ചത്. മൊഹാലിയിൽ ഇന്ത്യയുടെ 260 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 231ൽ വീണു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പിന് അവസാനമായത് സെമി ഫൈനലിൽ. ഓസ്ട്രേലിയയോട് 95 റൺസ് തോൽവി. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ആദ്യ രണ്ട് ലോകകപ്പിലും സെമിയിലെത്തിയവരാണ് ന്യൂസിലൻഡ്. 

1975ൽ വെസ്റ്റ് ഇൻഡീസും 79 ൽ ഇംഗ്ലണ്ടുമാണ് കിവീസിന്‍റെ ഫൈനൽ മോഹങ്ങൾ തട്ടിത്തെറിപ്പിച്ചത്. 1992ൽ മാർട്ടിൻ ക്രോയുടെ ന്യൂസീലൻഡ് കിരീടം സ്വപ്നം കണ്ടെങ്കിലും പാക്കിസ്ഥാനും ഇൻസമാമുൽ ഹഖും വിലങ്ങുതടിയായി. കിവീസിന്‍റെ 252 റൺസ് 37 പന്തിൽ 60 റൺസെടുത്ത ഇൻസമാമിന്‍റെ കരുത്തിൽ പാക്കിസ്ഥാൻ മറികടന്നു. 

1999ലെ സെമിയിലെ പാക്ക് കടമ്പ കടക്കാൻ ന്യൂസീലൻഡിന് കഴിഞ്ഞില്ല. 9വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. 2007 ലും 2011 ലും ശ്രീലങ്കയാണ് ഫൈനലിലേക്കുള്ള ന്യൂസിലൻഡിന്‍റെ വഴിമുടക്കിയത്. കഴിഞ്ഞ ലോകകപ്പിലാണ് കിവീസ് ആദ്യമായി സെമി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4 വിക്കറ്റിന്‍റെ നാടകീയ ജയം. ഇത്തവണ സെമിയില്‍ ഇന്ത്യയാണ് എതിരാളികള്‍. എന്താകുമെന്ന് കാത്തിരുന്നു കാണാം.