വര്‍ണ്ണവിവേചനത്തിന്‍റെ പേരില്‍ കായികരംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്ക 1992ലാണ് ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്

ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നല്ല വിജയശതമാനമല്ല. ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. വര്‍ണ്ണവിവേചനത്തിന്‍റെ പേരില്‍ കായികരംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്ക 1992ലാണ് ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. അന്ന് റൗണ്ട് റോബിൻ ലീഗ് പോരാട്ടത്തിലായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. 6 വിക്കറ്റിന് ഇന്ത്യ തോറ്റു.

1999ലാണ് വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 253 റണ്‍സ്. 16 പന്തുകള്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ തോല്‍വി 4 വിക്കറ്റിന്. പിന്നീട് 2011ലെ നാഗ്പൂര്‍ പോരാട്ടം. സ്റ്റെയ്നും മോര്‍ക്കലും അണിനിരന്ന ബൗളിംഗ് നിരയെ സച്ചിനും സെവാഗും ഗംഭീറും ചേര്‍ന്ന് നിലം പരിശാക്കി.

111 റണ്‍സുമായി സച്ചിൻ മടങ്ങുമ്പോള്‍ ഇന്ത്യ 39.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ്. എന്നാല്‍ പിന്നാലെയെത്തിയവര്‍ വന്നപോലെ മടങ്ങി. ഇന്ത്യ 48.4 ഓവറില്‍ 296ന് ഓള്‍ ഔട്ട്. രണ്ട് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക ജയിച്ചു. അതുവരെയുണ്ടായ തോല്‍വികള്‍ക്കെല്ലാം കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പകരം വീട്ടി.

ശിഖര്‍ ധവാന്‍റെ 137 റണ്‍സിന്‍റെ കരുത്തില്‍ ഇന്ത്യ 307 ലെത്തി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് 130 റണ്‍സിന്‍റെ മിന്നും ജയം. ഈ ജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം