Asianet News MalayalamAsianet News Malayalam

2017, ജൂണ്‍ എട്ട്- അന്ന് ധവാന്‍ മീശ പിരിച്ചിട്ടും ഓവലില്‍ ലങ്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ

അന്നു റണ്ണൊഴുകിയ പിച്ചില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെല്ലാം തന്നെ വമ്പനടികള്‍ നടത്തി. ഇന്ത്യക്കു വേണ്ടി ഏഴു പേര്‍ പന്തെറിഞ്ഞ അപൂര്‍വ്വ മത്സരം കൂടിയായിരുന്നു അത്. ക്യാപ്റ്റന്‍ വിരാട് കോലിയും എറിഞ്ഞു മൂന്നോവര്‍. 17 റണ്‍സും വിട്ടും കൊടുത്തു.

ICC World Cup 2019 Oval brings memory of India lost to Sri Lanka in Champions Triophy 2017
Author
Oval Station, First Published Jun 8, 2019, 7:51 PM IST

ലണ്ടന്‍: ചാംപ്യന്‍സ്‌ ട്രോഫി ഗ്രൂപ്പു മത്സരങ്ങളിലൊന്നായിരുന്നു അത്. 2017 ജൂണ്‍ എട്ട്, വ്യാഴാഴ്ച. സ്ഥലം ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ട്. ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരം. ശിഖര്‍ ധവാന്‍ ഇന്ത്യയ്ക്കു വേണ്ടി തകര്‍ത്താടിയ ദിവസം. ഇന്നു കൃത്യം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വീണ്ടും ഓവലിലേക്ക് ഇറങ്ങുന്നു. അന്നത്തെ ആ ഓര്‍മ്മകള്‍ മറന്നു കൊണ്ട്. എട്ടു പന്തുകള്‍ ശേഷിക്കേ ഏഴു വിക്കറ്റിന് ഇന്ത്യ ഉയര്‍ത്തിയ 321 എന്ന സ്‌കോര്‍ ലങ്ക മറികടന്നിരുന്നു. അന്നത്തെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഒന്‍പതു പേരും നാളെയും ഓവലില്‍ ഇറങ്ങാന്‍ ടീമിനൊപ്പമുണ്ട്. എതിരാളികള്‍ ഓസ്‌ട്രേലിയയാണെന്ന വ്യത്യാസം മാത്രം.

ടോസ് നേടിയ ശ്രീലങ്ക അന്ന് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുക്കെട്ടില്‍ രോഹിത് ശര്‍മയും, ശിഖര്‍ ധവാനും കൂടി കെട്ടിപ്പൊക്കിയത് 138 റണ്‍സ്. രോഹിത് 78 റണ്‍സിനു പുറത്തായി. വിക്കറ്റ് മലിംഗയ്ക്ക്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പൂജ്യത്തിനു പുറത്ത്. ഏഴു റണ്‍സ് മാത്രം സ്വന്തം പേരില്‍ ചേര്‍ത്ത് യുവരാജ് സിംഗും വന്നവഴിയെ മടങ്ങി. അന്നും രക്ഷകന്‍ ധോണിയായിരുന്നു. 52 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 63 റണ്‍സ്.

ICC World Cup 2019 Oval brings memory of India lost to Sri Lanka in Champions Triophy 2017ഹാര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സിനു പുറത്തായപ്പോള്‍ ഏഴാമനായിറങ്ങിയ കേദാര്‍ ജാദവ് 25 റണ്‍സ് നേടി. ലസിത് മലിംഗയെ പത്തോവറില്‍ 70 റണ്‍സിനു പായിച്ച മത്സരമായിരുന്നു അത്. 15 ഫോറും ഒരു സിക്‌സും സഹിതം 125 റണ്‍സ് നേടിയാണ് അന്നു ധവാന്‍ ക്രീസ് വിട്ടത്. ഓവലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ്. ധവാന്‍ ഇതു കൂടാതെ ഒരിക്കല്‍ കൂടി ഇവിടൊരു സെഞ്ചുറി നേടിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരേ 2013-ല്‍.

അന്നു റണ്ണൊഴുകിയ പിച്ചില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെല്ലാം തന്നെ വമ്പനടികള്‍ നടത്തി. ഇന്ത്യക്കു വേണ്ടി ഏഴു പേര്‍ പന്തെറിഞ്ഞ അപൂര്‍വ്വ മത്സരം കൂടിയായിരുന്നു അത്. ക്യാപ്റ്റന്‍ വിരാട് കോലിയും എറിഞ്ഞു മൂന്നോവര്‍. 17 റണ്‍സും വിട്ടും കൊടുത്തു. ഒരാള്‍ക്കു മാത്രമാണ് ഇന്ത്യന്‍നിരയില്‍ വിക്കറ്റ് വീഴ്ത്താനായത്. ഭുവനേശ്വര്‍ കുമാറിന്. അതും ഒരു വിക്കറ്റ്! രണ്ടു പേര്‍ റണ്ണൗട്ടായി. അന്നത്തെ ലങ്കന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും ലസിത് മലിംഗയും ഇന്നും ടീമിലുണ്ട്. ഇന്ത്യന്‍ കുന്തമുന ജസ്പ്രീത് ബൂംമ്രയ്ക്ക് ഓവലില്‍ അന്നൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അന്നത്തെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന യുവരാജും ഉമേഷ് യാദവുമൊഴികെ ബാക്കി എല്ലാവരും തന്നെ ഇന്നും ടീമിലുണ്ട്.

Follow Us:
Download App:
  • android
  • ios