നോട്ടിംഗ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് ലോകകപ്പില്‍ നാണംകെട്ട റെക്കോര്‍ഡും. 1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.

13.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി വെസ്റ്റ് ഇന്‍ഡീസ് ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് സമ്മാനിച്ചത് അവരുടെ ഏറ്റവും ദയനീയ തോല്‍വിയും. 1999ലെ ലോകകപ്പില്‍ 179 പന്തുകള്‍ ശേഷിക്കെ ഓസ്ട്രേലിയയോട് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ പാക്കിസ്ഥാന്റെ ഏറ്റവും കനത്ത തോല്‍വി.

പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്.  2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ഇമാദ് വാസിമിന്റെ ക്യാച്ചെടുത്ത ക്രിസ് ഗെയ്ല്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന ഫീല്‍ഡറെന്ന റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി. 120 ക്യാച്ചുകളാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. കാള്‍ ഹൂപ്പറാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ഗെയ്‌ലിനൊപ്പമുളളത്. 117 ക്യാച്ചുകളെടുത്തിട്ടുളള ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.