ഒരിക്കല്‍ പോലും ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടിന് ഫേവറിറ്റുകളെന്ന വിശേഷണം ബാധ്യതയെന്ന് തെളിയിക്കുന്നതായി ട്രെന്‍റ്ബ്രിഡ്ജിലെ തോൽവി.

ട്രെന്റ്ബ്രിഡ്ജ്: പ്രവചനത്തിന് പിടികൊടുക്കാത്ത ടീമെന്ന വിശേഷണം ഒരിക്കല്‍ കൂടി ശരിവയ്ക്കുന്നതായി പാകിസ്ഥാന്‍റെ ജയം. എന്നാൽ ഫേവറിറ്റുകളായി ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ടിന് കനത്ത പ്രഹരമാണ് പാകിസ്ഥാനെതിരായ തോൽവി. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ഏകദിന പരമ്പരയിൽ മൂന്ന് തവണയാണ് 340 റൺസിന് മുകളില്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇംഗ്ലണ്ട് പാകിസ്ഥാനെ തോൽപ്പിച്ചത്.

എന്നാല്‍ ലോകകപ്പിൽ ആതിഥേയരായി സ്കോര്‍ പിന്തുടരുന്നതിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ആദ്യ അവസരത്തിൽ തന്നെ ഇംഗ്ലണ്ടിന് കഴിയാതെ പോയി. ഒരിക്കല്‍ പോലും ലോകകപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ടിന് ഫേവറിറ്റുകളെന്ന വിശേഷണം ബാധ്യതയെന്ന് തെളിയിക്കുന്നതായി ട്രെന്‍റ്ബ്രിഡ്ജിലെ തോൽവി.

1992 ലോകകപ്പിലേതുപോലെ, വിന്‍ഡീസിനെതിരായ തോൽവിക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് പാകിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരായ. പരമ്പരയിലെ തോൽവിക്ക് ശേഷം ടീമിൽ വരുത്തിയ അഴിച്ചുപണി ഗുണം ചെയ്തു. 11 മത്സരങ്ങള്‍ നീണ്ട പരാജയ പരമ്പര അവസാനിപ്പിച്ച പാകിസ്ഥാന്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയാൽ ആര്‍ക്കും വെല്ലുവിളിയാകാം.

പാകിസ്ഥാന്‍ അടുത്ത മത്സരത്തില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ ബംഗ്ലാദേശ് ആണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍.