ഓവല്‍: ഇന്ത്യൻ ഓപ്പണർ ശിഖ‌‍ർ ധവാന്‍റെ ഇഷ്ടവേദിയാണ് ഓവൽ. ഇംഗ്ലണ്ടിലെ ഈ മൈതാനത്ത് ധവാന്‍റെ മൂന്നാം സെഞ്ച്വറിയാണ് ഓസ്ട്രേലിയക്കെതിരെ പിറന്നത്. ഓവലിന്‍റെ ഓമനയായി വീണ്ടും ശിഖർധവാൻ. കരുതലും കരുത്തും സമംചേർത്ത ബാറ്റിംഗ് വിരുന്ന്. ഇഷ്ടവേദിയിൽ ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ട്  കൊമ്പൻ മീശക്കാരന്റെ മൂന്നാം സെഞ്ച്വറി.

ധവാന്‍റെ ഓവൽ പ്രണയം തുടങ്ങിയത് 2013 ചാമ്പ്യൻസ് ട്രോഫിയില്‍. എതിരാളികൾ വെസ്റ്റ് ഇൻഡീസ്. വിൻഡീസിന്‍റെ 222 റൺസ് ഇന്ത്യ മറികടന്നത് ധവാന്‍റെ സെഞ്ച്വറി കരുത്തിൽ. 107 പന്തിൽ 102 റൺസ്. രണ്ടാം ശതകം 2017ൽ. ചാമ്പ്യൻസ് ട്രോഫിയിൽ, ശ്രീലങ്കയ്ക്കെതിരെ. ഇത്തവണ പക്ഷെ ധവാന്‍റെ സെഞ്ച്വറി പാഴായി.ഇന്ത്യയുടെ 321 റൺസ് പിന്തുടർന്ന ലങ്കയ്ക്ക് ഏഴ് വിക്കറ്റ് ജയം.2019. വീണ്ടും ഓവൽ. വീണ്ടും ധവാൻ. വീണ്ടും സെഞ്ച്വറി.എതിരാളികള്‍ ഓസ്ട്രേലിയ.

ഓസ്ട്രേലിയക്കെതിരെ ധവാന്റെ നാലാമത്തേയും ഐസിസി ടൂർണമെന്‍റുകളിൽആറാമത്തേയും ഏകദിനത്തിലെ പതിനേഴാമത്തേയും  സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്.