ഓവല്‍: ലോകകപ്പിന് മുമ്പ് മോശം ഫോമിലായിരുന്ന ശിഖര്‍ ധവാന്‍ മിന്നുന്ന സെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലഭിച്ചത് സ്വപ്നതുല്യമായ തുടക്കം. 109 പന്തില്‍ 117 റണ്‍സെടുത്ത് ധവാന്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോററാവുകയും ചെയ്തു. എന്നാല്‍ ലോകകപ്പിലെ കൗതുകകരമായ ചില കണക്കുകള്‍ പറയുന്നത് ധവാന്റെ സെഞ്ചുറിക്കും ഇന്ത്യയെ ജയിപ്പിക്കാനാവില്ലെന്നാണ്.

കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും ടീമിനെ ജയിപ്പിക്കാനായില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 1999ലെ ലോകകപ്പില്‍ ഇതേ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ അജയ് ജഡേജ സെഞ്ചുറി നേടിയിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സടിച്ചപ്പോള്‍ ജഡേജ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യ 205ന് ഓള്‍ ഔട്ടായി. റോബിന്‍ സിംഗ്ർ(75) മാത്രമാണ് അന്ന് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റ്സ്മാന്‍.

അതേ ലോകകപ്പില്‍ സിംബാബ്‌വെയുടെ നീല്‍ ജോണ്‍സണും(132 നോട്ടൗട്ട്), ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷെല്‍ ഗിബ്സും(101) ഓസീസിനെതിരെ സെഞ്ചുറി നേടിയെങ്കിലും അവരുടെ ടീം തോറ്റു. 2007ലെ ലോകകപ്പില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിനായി കെവിന്‍ പീറ്റേഴ്സണും(101) സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ട് തോറ്റു. 2015ലെ ലോകകപ്പിലാകട്ടെ ഓസീസിനെതിരെ ശ്രീലങ്കക്കായി കുമാര്‍ സംഗക്കാര(104) സെഞ്ചുറി നേടിയപ്പോഴും ലങ്ക തോറ്റു. ഓവലില്‍ ഇന്ന് ഇന്ത്യ ജയിക്കുന്നതോടെ ഈ ചരിത്രം വഴിമാറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.