ശത്രുപാളയത്തിലെ തടവുകാരില്‍ പ്രധാനികള്‍ ജര്‍മ്മനിയുടെയും ഇറ്റലിയുടെയും പട്ടാളക്കാര്‍ തന്നെയായിരുന്നു. സഖ്യകക്ഷികളുടെ പട്ടാളടാങ്കുകള്‍ ഏറെയും വിന്യസിക്കാന്‍ തയ്യാറായി നിന്നതും ഇവിടെ തന്നെ.
ലണ്ടന്‍: ഓവലില്‍ കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് ടീമിന്റെയും സ്വകാര്യ അഹങ്കാരമാണ്. ക്രിക്കറ്റിന്റെ ഈ പറുദീസയിലാണ് ഓസ്‌ട്രേലിയയെ ഇന്ത്യ നാളെ നേരിടാനിറങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധതടവുകാരെ ജയിലിലേക്ക് മാറ്റുന്നതിനിടയില്‍ താത്ക്കാലികമായി താമസിപ്പിച്ച ഗ്രൗണ്ടായിരുന്നു ഇത്. അതിനും ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്ക് മുന്നേ ഇവിടെ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു തുടങ്ങിയിരുന്നുവെന്നതു ചരിത്രം.
ശത്രുപാളയത്തിലെ തടവുകാരില്‍ പ്രധാനികള്‍ ജര്‍മ്മനിയുടെയും ഇറ്റലിയുടെയും പട്ടാളക്കാര്‍ തന്നെയായിരുന്നു. സഖ്യകക്ഷികളുടെ പട്ടാളടാങ്കുകള്‍ ഏറെയും വിന്യസിക്കാന്‍ തയ്യാറായി നിന്നതും ഇവിടെ തന്നെ. യുകെയ്ക്കു പുറമേ ഫ്രാന്‍സിന്റെ പട്ടാളക്കാരും ഇവിടെ തമ്പടിച്ചിരുന്നു. ക്രൂരപീഢനങ്ങളേറ്റു വാങ്ങിയ ജര്‍മ്മന്‍ പട്ടാളക്കാരില്‍ പലരും ഇവിടെ കിടന്നാണു ഇഹലോകവാസം വെടിഞ്ഞത്. അവരുടെ ചുടുനിശ്വാസങ്ങള്‍ ഉയരുന്നിടത്താണ് നാളെ ഇന്ത്യ-ഓസീസ് മത്സരത്തിനു ചൂടേറുക.
മുന്നില്‍ കെന്നിങ്ടണ്‍ പാര്‍ക്ക്, പിന്നില്‍ തെംസ് നദി. ഓവലിലേക്ക് എത്തിപ്പെടാന്‍ ആരാധകര്‍ക്ക് അധികം പാടുപെടേണ്ടതില്ല. തൊട്ടു ചേര്‍ന്നു തന്നെ ട്യൂബ് സ്റ്റേഷന്‍. എന്നാല്‍ പാര്‍ക്കിങ് ഇവിടൊരു വലിയ പ്രശ്‌നം തന്നെയാണ്. അതിലുമേറെ പ്രശ്‌നമാണ്, സ്റ്റേഡിയത്തിന്റെ പരിപാലനം. കാലാകാലങ്ങളായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇതു നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍, മോട്ടോര്‍ കമ്പനിയായ കിയയുമായി ചേര്‍ന്നതോടെ കിയാ ഓവല്‍ എന്നാണ് സ്‌റ്റേഡിയത്തിന്റെ പേര്.
ടെസ്റ്റ് ക്രിക്കറ്റ് നടത്തിയ ലോകത്തിലെ രണ്ടാമത്തെ സ്‌റ്റേഡിയമാണിത്. സറേ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. കാല്‍ലക്ഷത്തോളം പേര്‍ക്ക് സുഗമായിരുന്നു മത്സരം കാണാം. ഫുട്‌ബോളും റഗ്ബിയുമൊക്കെ അരങ്ങു തകര്‍ക്കുന്ന ഇവിടെയാണ് ഇംഗ്ലണ്ടിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളുടെയും കലാശക്കളിക്ക് വേദിയാവുക. 139 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി ടെസ്റ്റ് മത്സരം നടന്നത്. അന്ന് ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ജയിച്ചു കയറിയപ്പോള്‍ പിന്നെയും ആദ്യ ഏകദിനത്തിനായി കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു. വെസ്റ്റിന്‍ഡീസിനെതിരേ 1973-ല്‍ നടന്ന ആദ്യ ഏകദിനമത്സരത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റുകള്‍ക്ക് തോറ്റു.
2015-ല്‍ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ അഞ്ചു വിക്കറ്റിന് 398 റണ്‍സ് എന്ന ന്യൂസിലന്‍ഡ് പ്രകടനമാണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്നത്. ഇയോന്‍ മോര്‍ഗനും (573), മാര്‍ക്കസ് ട്രസ്‌കോത്തിക്കും (528), ഇയാന്‍ ബെല്ലും (473)മാണ് ഈ ഗ്രൗണ്ടിലെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ഏകദിന ബാറ്റ്‌സ്മാന്മാര്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍ (30), ഡാരന്‍ ഗഫ് (13), ഫഌന്റോഫ് (12) എന്നിവര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരും. എല്ലാവരും ഇംഗ്ലീഷുകാര്‍ തന്നെ. അതൊക്കെ ചരിത്രം.
ഓവലിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാകടവുകള്‍ക്കു മുന്നില്‍ മൃതപ്രായരായാണു കീവികള്‍ ജയിച്ചു കയറിയത്. അതും രണ്ടു വിക്കറ്റിന്.
ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇവിടൊരു ഏകദിന സെഞ്ചുറി നേടുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. ഇംഗ്ലണ്ടിനെതിരേ 2007-ല്‍ നേടിയ 94 റണ്‍സാണ് ഇവിടുത്തെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതേസമയം, ഇന്ത്യക്കു വേണ്ടി ശിഖര്‍ ധവാന്‍ രണ്ടു തവണ സെഞ്ചുറി നേടിയിട്ടുമുണ്ട്. പുറമേ അജയ് ജഡേജയും. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനു പുറമേ 15-ന് ഓസ്‌ട്രേലിയ- ശ്രീലങ്ക മത്സരവും ഇവിടെ നടക്കും. ഈ ലോകകപ്പില്‍ ഇതല്ലാതെ മറ്റൊരു മത്സരവും ഓവലില്‍ ഇല്ല. ലോകകപ്പ് പൊടിപൊടിക്കുമ്പോള്‍ ഇവിടെ കൗണ്ടി മത്സരങ്ങള്‍ക്കും തുടക്കമാകും.
