ടീമിന്‍റെ ഗംഭീര വിജയത്തില്‍ പങ്കാളിയായവരില്‍ മൂന്നുപേര്‍ റമദാന്‍ നോമ്പെടുത്താണ് കളിക്കളത്തിലിറങ്ങിയത് 

ലണ്ടന്‍: ലോകകപ്പില്‍ അട്ടിമറി സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ബംഗ്ലാദേശ്. വമ്പന്‍മാരെ വീഴ്ത്താന്‍ കഴിവുളളവര്‍. ഇന്നലെയും അതു തന്നെ സംഭവിച്ചു. വമ്പന്‍ ടീമായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. 

ടീമിന്‍റെ ഗംഭീര വിജയത്തില്‍ പങ്കാളിയായവരില്‍ മൂന്നു പേര്‍ റമദാന്‍ നോമ്പെടുത്താണ് കളിക്കളത്തിലിറങ്ങിയതെന്ന് അറിയുമ്പോള്‍ ടീമിന്‍റെ വിജയത്തിന് മാറ്റു കൂടുന്നത്. ബംഗ്ലാദേശ് ടീമിലെ മുഷ്‌ഫീഖര്‍ റഹീം, മഹമ്മുദുള്ള റിയാദ്, മെഹദി ഹസന്‍ എന്നിവരാണ് റമദാന്‍റെ നോമ്പെടുത്തു കൊണ്ട് കളിക്കാനിറങ്ങിയത്. ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക ഘടകമായവരില്‍ ഈ മൂന്നു പേരുമുണ്ട്. 

ഇവരില്‍ മുഷ്ഫിഖര്‍ റഹീം 78 റണ്‍സും മെഹദി ഹസന്‍ 26 റണ്‍സും നേടിയപ്പോള്‍ മഹ്മുദുള്ള 33 പന്തില്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് മൂവരും നോമ്പെടുത്താണ് കളിക്കാനിറങ്ങിയതെന്ന കാര്യം വ്യക്തമാക്കിയത്.

"അഭിമാനമുണ്ട്. റമദാന്‍ മാസത്തില്‍ മുഷ്‌ഫീഖര്‍ റഹീം, മഹമ്മുദുള്ള റിയാദ്, മെഹദി ഹസന്‍ എന്നിവര്‍ നോമ്പെടുത്താണ് കളിക്കളത്തിലിറങ്ങിയത്.മൂവരും കളിക്കളത്തില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

Scroll to load tweet…

ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് വലിയ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ലോകകപ്പിന്‍റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാ കടുവകളുടെ മുന്നില്‍ മുട്ടു മടക്കുന്നത്.