മുംബൈ: ലോകകപ്പ് ടീം തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബാട്ടി റായുഡു ചെയ്ത ത്രീ ഡി ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ താരം വിജയ് ശങ്കര്‍. ലോകകപ്പ് ടീമിലെ നാലാം നമ്പറിലേക്ക് റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ തെരഞ്ഞെടുത്തശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് വിജയ് ശങ്കറെ ത്രീ ഡൈമന്‍ഷണല്‍ പ്ലേയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനുശേഷമായിരുന്നു റായുഡുവിന്റെ വിവാദ ട്വീറ്റ്.

ലോകകപ്പ് കാണാന്‍ താന്‍ പുതിയൊരു ത്രീ ഡി കണ്ണടക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു റായുഡു ട്വീറ്റില്‍ പറഞ്ഞത്. എന്നാല്‍ ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിയിലാണ് വിജയ് ശങ്കര്‍ ഇതിന് മറുപടി നല്‍കിയത്. റായുഡുവിന്റെ ട്വീറ്റ് തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് ശങ്കര്‍ പറഞ്ഞു. ടീമില്‍ നിന്ന് തഴയപ്പെട്ടാലുള്ള വികാരമെന്താണെന്ന് കളിക്കാരനെന്ന നിലയില്‍ എനിക്കറിയാം.

അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തിലാവും റായുഡു ആ ട്വീറ്റ് ഇട്ടതെന്നും എനിക്ക് മനസിലാവും. കളിക്കാരന്‍ എന്ന നിലയില്‍ ഇതൊന്നും എന്നെ ബാധിക്കാറില്ല. ഏത് സാഹചര്യത്തിലും ശാന്തനായി ഇരിക്കാന്‍ എം എസ് ധോണിയാണ് തന്റെ മാതൃകയെന്നും ശങ്കര്‍ പറഞ്ഞു. പരിശീലനത്തിനിടെ കൈത്തണ്ടയില്‍ പന്തുകൊണ്ട് പരിക്കേറ്റ ശങ്കറിന് ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സന്നാഹമത്സരം നഷ്ടമായിരുന്നു.