മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വജ്രായുധമാണ് ജസ്പ്രീത് ബുമ്ര. ന്യൂസിലന്‍ഡിനെതിരായ സെമിയിലും ഇന്ത്യക്കായി ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത് ബുമ്രയായിരുന്നു. ലോകകപ്പില്‍ ഇതുവരെ 18 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യന്‍ താരം.

ന്യൂസിലന്‍ഡിനെതിരാ മത്സരത്തലേന്ന് തന്റെ ബൗളിംഗിനെക്കുറിച്ച് തമാശയായി വിരാട് കോലി പറഞ്ഞത്, താന്‍ അപകടകാരിയായ ബൗളറാണെന്നും ഏത് സമയത്തും ബൗള്‍ ചെയ്യുമെന്നും ആയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ കിവി ക്യാപ്റ്റന്‍ കെയ്‍ന്‍ വില്യംസണിന്റെ വിക്കറ്റെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോലിയുടെ തമാശ കലര്‍ന്ന മറുപടി.

അതെന്തായാലും ബുമ്രയുടെ ബൗളിംഗ് ആക്ഷനെയും വിക്കറ്റ് ആഘോഷത്തെയും അതേപടി അനുകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. സെമി പോരാട്ടത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടെയായിരുന്നു കോലി ബുമ്രയെ അനുകരിച്ചത്. ഇത് സഹതാരങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.