തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി കളിക്കാന്‍ പോകുന്ന ഇന്ത്യ മറ്റൊരു നേട്ടം കൂടെ പേരിലെഴുതി. ഐസിസി ടൂര്‍ണമെന്‍റുകളില്‍ തുടര്‍ച്ചയായ ആറാം വട്ടമാണ് ഇന്ത്യ സെമി നേട്ടം ആവര്‍ത്തിക്കുന്നത്
ബര്‍മിംഗ്ഹാം: വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് രാജകീയമായാണ് ലോകകപ്പിന്‍റെ സെമിയിലേക്ക് ടീം ഇന്ത്യ മുന്നേറിയത്. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്.
ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു.
ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമി കളിക്കാന്‍ പോകുന്ന ഇന്ത്യ മറ്റൊരു നേട്ടം കൂടെ പേരിലെഴുതി. ഐസിസി ടൂര്‍ണമെന്‍റുകളില്‍ തുടര്‍ച്ചയായ ആറാം വട്ടമാണ് ഇന്ത്യ സെമി നേട്ടം ആവര്‍ത്തിക്കുന്നത്.
2011 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നടന്ന ആറ് ഐസിസി ടൂര്‍ണമെന്‍റുകളിലും ഇന്ത്യ സെമിയില്‍ എത്തിയിട്ടുണ്ട്. 2013ലും 2017ലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കരുത്ത് തുടര്‍ന്നു. അതില്‍ 2013ല്‍ കിരീടം നേടിയപ്പോള്‍ 2017ല്‍ രണ്ടാം സ്ഥാനക്കാരായി.
2014ലെ ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. 2016 ട്വന്‍റി 20 ലോകകപ്പില്‍ സെമിയിലെത്തി. 2015ലെ ഏകദിന ലോകകപ്പില്‍ സെമി വരെ മുന്നേറിയ ഇന്ത്യ ഇപ്പോള്‍ ഈ ലോകകപ്പിലും അതേ നേട്ടം ആവര്‍ത്തിച്ചു. ഇനി ഈ വര്‍ഷം കിരീടം നേടാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍.
