ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയും നാലാമതുള്ള ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. തുടക്കം മുതല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ന്യൂസിലാന്‍ഡിന് പക്ഷേ അവസാന മത്സരങ്ങളില്‍ നിലതെറ്റുകയായിരുന്നു. 

തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റാണ് ന്യൂസിലൻഡ് സെമിയിലേക്ക് എത്തിയത്. പക്ഷേ ന്യൂസിലൻഡിന്‍റെ ലോകകപ്പിലെ തുടക്കം ഇത്ര നിരാശയുള്ളതായിരുന്നില്ല. കിവികൾ സെമിയിലേക്ക് വന്ന വഴി നോക്കാം.

സന്നാഹ മത്സരങ്ങളിൽ ഇന്ത്യയോട് മിന്നുന്ന ജയവും വെസ്റ്റ് ഇൻഡീസിനോട് ഞെട്ടിക്കുന്ന തോൽവിയും കണ്ടാണ് ന്യൂസിലൻഡ് ആദ്യ മത്സരത്തിനെത്തിയത്.
പുതുനിരയായെത്തിയ ശ്രീലങ്കയെ 136ന് എറിഞ്ഞിട്ട കിവികൾക്ക് 10 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം.


പിന്നാലെ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും കിവീസ് പേസ് ഫാക്ടറിയുടെ കരുത്തറിഞ്ഞു. ബംഗ്ലാദേശിനെ 2 വിക്കറ്റിനും അഫ്ഗാനെ 7 വിക്കറ്റിനും തോൽപിച്ചു.


ഇന്ത്യയുമായുള്ള പോരാട്ടം മഴ കൊണ്ടുപോയെങ്കിൽ തൊട്ടടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയായിരുന്നു കിവികളുടെ ഇര. മുന്നിൽ നിന്ന് പടനയിച്ചത് സെഞ്ചുറിക്കരുത്തോടെ നായകൻ കെയ്ൻ വില്യംസൺ.

സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനോട് 421 റൺസടിച്ച വെസ്റ്റ് ഇൻഡീസ് യഥാർത്ഥ പോരാട്ടത്തിൽ കിവികൾക്ക് മുന്നിൽ വീണു. ഇത്തവണയും രക്ഷകനായത് നായകൻ തന്നെ.


തുടർജയത്തിന്‍റെ അമിതാവേശമോ നായകന് പിന്നിലൊളിച്ച ബാറ്റിംഗ് നിരയുടെ പരാജയമോ? പിന്നീട് കണ്ടത് കിവികളുടെ പരാജയത്തുടര്‍ച്ചയാണ്. 

പാക്കിസ്ഥാനോടായിരുന്നു ആദ്യ പരാജയം. 


പിന്നാലെ ഓസ്ട്രേലിയയോടും ന്യൂസിലാന്‍ഡ് പരാജയപ്പെട്ടു.

അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിനോടും തോല്‍വി സമ്മതിച്ചു. 


നെറ്റ് റണ്‍റേറ്റിന്‍റെ ബലത്തിലാണ് ന്യൂസിലാന്‍ഡ് പാക്കിസ്ഥാനെ മറികടന്ന് നാലാമതായി സെമിയിലെത്തിയത്. പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള വിരാട് കോലിയുടെ സംഘത്തെയാണ് കിവികള്‍ സെമിയില്‍ നേരിടുന്നത്. മഴ മൂലം മത്സരം ഉപേക്ഷിച്ചതിനാല്‍ ഈ ലോകകപ്പില്‍ ഇതുവരെയും ഇരുവരും ഏറ്റുമുട്ടിയിട്ടില്ല. ഇന്ത്യയോ ന്യൂസിലാന്‍ഡോ ഫൈനല്‍ പോരാട്ടത്തിലേക്ക് ആരെത്തുമെന്ന് കണ്ടറിയാം.