മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ സെമി ഇന്നലെ മഴ തടസപ്പെടുത്തിയിരുന്നു. ഇതോടെ റിസര്‍വ് ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കും. ഐസിസി ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു നോക്കൗട്ട് മത്സരം റിസര്‍വ് ദിനത്തില്‍ നടക്കുന്നത്. 

1979 ലോകകപ്പില്‍ മഴമൂലം മത്സരങ്ങള്‍ റിസര്‍വ് ദിനങ്ങളില്‍ നടന്നെങ്കിലും അതൊന്നുപോലും നോക്കൗട്ട് മത്സരങ്ങളായിരുന്നില്ല. ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ മുന്‍പ് ഒരു തവണ മാത്രമാണ് റിസര്‍വ് ദിനത്തില്‍ നോക്കൗട്ട് മത്സരം നടന്നത്. 2002 ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കിട്ടു. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴ എത്തിയത്. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.