മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിക്ക് തയ്യാറെടുത്തിരിക്കുന്നു ഇന്ത്യ- ന്യൂസിലന്‍ഡ് ടീമുകള്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മത്സരത്തിന് മുന്‍പ് ഇരു ടീമുകളെയും ആശങ്കയിലാക്കുന്ന ചില കാര്യങ്ങളുണ്ട്. 

ടീം ഇന്ത്യക്കായി അഞ്ച് സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ രോഹിത് ശര്‍മ്മയും തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടിക്കഴിഞ്ഞ വിരാട് കോലിയും മികച്ച ഫോമിൽ. രോഹിത്തിനൊപ്പം മൂന്ന് സെഞ്ചുറി കൂട്ടുകെട്ട് ഓപ്പണിംഗില്‍ ഉയര്‍ത്തിയ കെ എൽ രാഹുലും ഇന്ത്യയുടെ വിശ്വസ്തനായി മാറുന്നുണ്ട്. ജസ്പ്രീത് ബൂമ്രയുടെ മികച്ച ഫോമും ഇന്ത്യയുടെ ശക്തിയാണ്. 

എന്നാല്‍, മധ്യനിരയിലെ വിള്ളൽ ഇന്ത്യക്ക് തലവേദനയാണ്. ആദ്യ മൂന്ന് പേര്‍ കഴിഞ്ഞാൽ വരുന്നയാരും സ്ഥിരത പുലര്‍ത്തിയിട്ടില്ല. മികച്ച തുടക്കം കിട്ടിയാൽ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ഋഷഭ് പന്തിനും ഹാര്‍ദിക് പാണ്ഡ്യക്കും കഴിയണം. ബൂമ്ര ഒരു വശത്ത് നിയന്ത്രണത്തോടെ പന്തെറിഞ്ഞാലും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും റൺസ് വഴങ്ങുന്നത് പ്രശ്നമാണ്.

ഐപിഎല്ലിലടക്കം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു പരിചയമുള്ള നായകന്‍ കെയിന്‍ വില്ല്യംസൺ ആണ് ന്യൂസിലന്‍ഡിന്‍റെ ശക്തി. പേസര്‍മാരായ ട്രെന്‍റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗ്യൂസണും തീ പാറും ഫോമിൽ. ബോള്‍ട്ട് പതിനഞ്ചും ഫെര്‍ഗ്യൂസന്‍ 17ഉം വിക്കറ്റ് നേടിക്കഴിഞ്ഞു. ടൂര്‍ണമെന്‍റില്‍ രണ്ട് വട്ടം മാത്രമാണ് ന്യൂസിലന്‍ഡ് 250ന് മുകളില്‍ റൺസ് വഴങ്ങിയത്. എല്ലാ റോളിലും തിളങ്ങാനാകുന്ന ഓള്‍റൗണ്ടര്‍മാരും ടീമിന് കരുത്താകും.

ന്യൂസിലന്‍ഡ് നിരയിലെ മൂന്ന് ഓപ്പണര്‍മാരും മോശം ഫോമിൽ. മാര്‍ട്ടിന്‍ ഗപ്‌റ്റിലും കോളിന്‍ മൺറോയും ഹെന്‍‍‍റി നിക്കോള്‍സും തിളങ്ങുന്നേയില്ല. ടീം ആകെ നേടിയതിൽ 30 ശതമാനം റൺസും നേടിയ കെയിന്‍ വില്ല്യംസണെ അമിതമായി ആശ്രയിക്കുന്നതാണ് പ്രധാന ദൗര്‍ബല്യം. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ പതറുന്ന റെക്കോര്‍ഡും കിവീകളെ പിന്നോട്ടടിക്കും.