മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ- പാക് മത്സരചൂടിനൊപ്പം ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ക്രിസ് ഗെയ്‌ല്‍. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും നിറങ്ങളുള്ള സ്യൂട്ട് അണിഞ്ഞുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഗെയ്‌ല്‍ തന്നെയാണ് പുറത്തുവിട്ടത്. ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐസിസി ഈ ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. 

എല്ലാ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇന്ത്യ- പാക് സ്യൂട്ടില്‍ താന്‍ ആഘോഷിക്കുകയാണ്. ഇത് ഏറെ ഇഷ്ടപ്പെടുന്നു, സെപ്‌റ്റംബര്‍ 20ന് പിറന്നാള്‍ ദിനം ധരിക്കുന്ന വസ്ത്രങ്ങളിലൊന്നാണ് ഇതെന്നും ഗെയ്‌ല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഞായറാഴ്‌ച ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ലോകകപ്പില്‍ ഇന്ത്യക്കെതിരെ മോശം ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരത്തിലും തോല്‍ക്കാനായിരുന്നു പാക്കിസ്ഥാന്‍റെ വിധി. ഇന്ത്യ ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ ആദ്യ ജയമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.