മൂന്ന് ലോകകപ്പ് നേടിയ അനുഭവം മാത്രമല്ല, ഐപിഎല്ലിൽ പരിശീലകനായതിലൂടെ ഇന്ത്യൻ താരങ്ങളെക്കുറിച്ചുള്ള പോണ്ടിംഗിന്‍റെ അറിവും ഓസീസ് ടീമിന് മുതൽ കൂട്ടാവും. 2003ൽ ജൊഹന്നാസ്ബർഗിൽ ഇന്ത്യൻ ആരാധകർ കണ്ണീർ പൊഴിച്ചപ്പോൾ റിക്കി പോണ്ടിംഗ് വിശ്വ കിരീടം മുകളിലേക്കുയർത്തി

ലണ്ടന്‍: ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിങ്ങനെ പ്രതിഭകളുടെ നീണ്ട നിര തന്നെയാണ് ഓസീസ് ടീമിലുള്ളത്. എന്നാല്‍ ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇവരൊന്നുമല്ല ഇന്ത്യന്‍ ടീമിന് ആശങ്ക നല്‍കുന്നത്. എതിർ കളിക്കാരെക്കാളും ഇന്ത്യ സൂക്ഷിക്കേണ്ട ഒരാൾ ഓസ്ട്രേലിയൻ ടീമിലുണ്ട്. മറ്റാരുമല്ല, ഓസിസ് ബാറ്റിംഗ് കോച്ച് റിക്കി പോണ്ടിംഗ് തന്നെ.

മൂന്ന് ലോകകപ്പ് നേടിയ അനുഭവം മാത്രമല്ല, ഐപിഎല്ലിൽ പരിശീലകനായതിലൂടെ ഇന്ത്യൻ താരങ്ങളെക്കുറിച്ചുള്ള പോണ്ടിംഗിന്‍റെ അറിവും ഓസീസ് ടീമിന് മുതൽ കൂട്ടാവും. 2003ൽ ജൊഹന്നാസ്ബർഗിൽ ഇന്ത്യൻ ആരാധകർ കണ്ണീർ പൊഴിച്ചപ്പോൾ റിക്കി പോണ്ടിംഗ് വിശ്വ കിരീടം മുകളിലേക്കുയർത്തി.

അതിന് മുൻപും പിൻപും ലോകകപ്പ് നാട്ടിലേക്ക് കൊണ്ട് പോയി പോണ്ടിംഗ്. ക്രിക്കറ്റ് ലോകം ഓസീസ് അടക്കി വാണ സുവർണകാലത്തിന്‍റെ ചക്രവർത്തിക്ക് ബാറ്റിംഗ് മാത്രമായിരുന്നില്ല കരുത്ത്. ഓസ്ട്രേയിയയെ പ്രൊഫഷണൽ സംഘമെന്ന വിളിപ്പേരിലേക്ക് വളർത്തിയ ബുദ്ധികേന്ദ്രമായിരുന്നു ഈ നായകൻ.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച പോണ്ടിംഗ് പിന്നീട് ഇന്ത്യയും തട്ടകമാക്കി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലക സംഘത്തിൽ തുടക്കം. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിന്‍റെ മുഖ്യ പരിശീലകൻ. ശിഖർ ധവാൻ അടക്കമുള്ളവരുടെ ഗുരുവാണ് പോണ്ടിംഗ് എന്നർഥം.

ഇന്ത്യക്കാരുടെ ശക്തി ദൗർബല്യങ്ങളെല്ലാം ഗൃഹപാഠം ചെയ്തയാളാണ് ഓസീസ് ബാറ്റിംഗ് കോച്ച്. ഇന്ത്യൻതാരങ്ങൾക്ക് ഓതിക്കൊടുത്ത മന്ത്രങ്ങൾക്ക് മറുമന്ത്രവും പരിശീലകന്‍റെ കൈകളിൽ കാണും. പോണ്ടിംഗിന്‍റെ ഉപദേശങ്ങൾ കളത്തിൽ കാണിച്ചാൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും.